ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടും ടെസ്റ്റും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെട്ടതോടെ ടീം സെലക്ഷനെക്കുറിച്ചും ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹർഭജൻ സിങ്. ശ്രീലങ്കൻ സീരീസ് കൊണ്ട് ഇന്ത്യൻ ടീമിന് പ്രയോജനമുണ്ടായില്ലെന്നും അതിൽനിന്നും ഒന്നും നേടാൻ ടീമിന് കഴിഞ്ഞില്ലെന്നും ഹർഭജൻ പറഞ്ഞു. ”കുറച്ച് താരങ്ങൾ നേരത്തെ ദക്ഷിണാഫ്രിക്കയിലേക്ക് പോകണ്ടതായിരുന്നു. അങ്ങനെ കഴിഞ്ഞില്ലെങ്കിൽ ധരംശാലയിൽ പരിശീലനം നടത്തണമായിരുന്നു. ദക്ഷിണാഫ്രിക്ക പോലൊരു ശക്തമായ ടീമിനെ നേരിടുന്നതിന് ധരംശാലയിലെ പരിശീലനം ഇന്ത്യൻ ടീമിനെ സഹായിച്ചേനെ” ഹർഭജൻ പിടിഐയോട് പറഞ്ഞു.

അജിങ്ക്യ രഹാനെയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ചും ഹർഭജൻ പ്രതികരിച്ചു. ”ഞാൻ ചില കണക്കുകൾ പരിശോധിച്ചു. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ അജിങ്ക്യ രഹാനെയുടെ ശരാശരി 30 ടെസ്റ്റുകളിൽ 40 ന് താഴെയാണ്. മാത്രമല്ല കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വലിയ സ്കോറൊന്നും നേടാൻ രഹാനെയ്ക്ക് കഴിഞ്ഞിട്ടില്ല. രഹാനെ ടീമിൽ ഉണ്ടായിരുന്നിട്ടും ഇന്ത്യ 2 ടെസ്റ്റ് മൽസരങ്ങളും തോറ്റിരുന്നുവെങ്കിൽ അയാൾക്ക് പകരം രോഹിതിനെ ടീമിൽ ഉൾപ്പെടുത്താൻ മുറവിളി ഉയർന്നേനെ. ടീം സെലക്ഷനിൽ ക്യാപ്റ്റന്റെ കാഴ്ചപ്പാട് കൂടി മനസ്സിലാക്കണം”.

രണ്ടാം ടെസ്റ്റിൽ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി ഇശാന്ത് ശർമ്മയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചും ഹർഭജൻ പറഞ്ഞു. ”ഇന്നത്തെ സാഹചര്യത്തിൽ ഇശാന്ത് ശർമ്മയുമായി താരതമ്യം ചെയ്യുമ്പോൾ ഭുവി (ഭുവനേശ്വർ കുമാർ) മികച്ച കളിക്കാരനാണ്. ഭുവി മികച്ച രീതിയിൽ കളിച്ചപ്പോഴൊക്കെ ഇന്ത്യയുടെ പ്രകടനം നന്നായിട്ടുണ്ട്. ഇപ്പോഴും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. നമുക്ക് തിരിച്ചടിച്ച് ജോഹന്നാസ്ബർഹിൽ 2-1 വിജയിക്കാം” ഹർഭജൻ പറഞ്ഞു. ജോഹന്നാസ്ബർഗിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക 3-ാം ടെസ്റ്റ് മൽസരം.

”പോസിറ്റീവായിരിക്കുക, ഇതാണ് എനിക്ക് ടീമിന് നൽകാനുളള ഉപദേശം. നഷ്ടപ്പെടാൻ ഇനി ഒന്നുമില്ല, ഇനിയെല്ലാം നേടാനാണുളളത്. അതിനാൽ ധൈര്യപൂർവം മുന്നോട്ടുപോവുക” ഹർഭജൻ അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ