ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഉടൻ തന്നെ ലോക ക്രിക്കറ്റ് ഭൂപടത്തിൽ തനിക്കൊരു ഇടമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ സംഘത്തിൽ ആദ്യ രണ്ട് ടെസ്റ്റിലും ബുമ്രയുണ്ടായിരുന്നു. രണ്ടാമത്തെ ടെസ്റ്റിൽ ബുമ്രയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോളിങ് ആരംഭിച്ചത് പോലും.

താരത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടരായിരിക്കുകയാണ് ലോക ക്രിക്കറ്റിലെ ഒട്ടനേകം വരുന്ന ഇതിഹാസങ്ങളെല്ലാം. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ അലൻ ഡൊണാൾഡ് ആണ് ബുമ്രയെ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ പല വിമർശനങ്ങളും ഉന്നയിച്ച അലൻ ഡൊണാൾഡ് പക്ഷെ ജസ്പ്രീത് ബുമ്രയെ നാളത്തെ താരമെന്നാണ് വാഴ്ത്തുന്നത്. ടെസ്റ്റ് ബോളിങ്ങിൽ ഇനി ബുമ്രയാണ് താരമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

“ഇന്ത്യൻ സംഘത്തിൽ എല്ലാ ആരവങ്ങളുടെയും തുടക്കം ആ പയ്യനിൽ നിന്നാണ്”, അലൻ ഡൊണാൾഡ് പറഞ്ഞു. “ഞാനവന്റെ പ്രകടനത്തിൽ വളരെയധികം ആകൃഷ്ടനായി. അവന് വേഗതയും കൃത്യതയും ഉണ്ട്. പന്ത് കൊണ്ട് സാധ്യമായതെല്ലാം അവൻ ചെയ്യുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അപ്പോഴും തന്റെ വിമർശനങ്ങളുടെ കെട്ട് അലൻ ഡൊണാൾഡ് തുറക്കാതിരുന്നില്ല. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിലെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഈ മുൻ പേസറെ അദ്ഭുതപ്പെടുത്തിയത്.

കഴിഞ്ഞ ഒരു വർഷക്കാലമായി ഇന്ത്യൻ ഏകദിന ടീമിലെ പേസ് ആക്രമണത്തിലെ പ്രധാന ആയുധമാണ് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ അരങ്ങേറിയ ബുമ്ര, എബി ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് പിഴുതാണ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ