ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീം സെലക്ഷനെക്കുറിച്ച് വിവാദം ചൂടുപിടിക്കുകയാണ്. അജിങ്ക്യ രഹാനയ്ക്ക് പകരം രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയ കോഹ്‌ലിയുടെ തീരുമാനമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. വിമർശനങ്ങൾ ഉയരുമ്പോഴും അതൊന്നും അജിങ്ക്യ രഹാനെയെ ബാധിച്ചിട്ടില്ല. ടീമിൽനിന്ന് ഒഴിവാക്കിയെങ്കിലും രഹാനെ തന്റെ പതിവ് പരിശീലനത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു തൊട്ടടുത്ത ദിവസം രഹാനെ നെറ്റ്സിൽ പരിശീലനത്തിനെത്തി.

രഹാനെയ്ക്കു പുറമേ കെ.എൽ.രാഹുൽ, ഇശാന്ത് ശർമ്മ, പാർത്ഥിപ് പട്ടേൽ എന്നിവരും നെറ്റ്സിൽ പരിശീലനം നടത്തി. ബിസിസിഐ പരിശീലനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 72 റൺസിനാണ് പരാജയപ്പെട്ടത്. ഇതോടെയാണ് ടീമിലെ രഹാനെയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നത്. ടെസ്റ്റിൽ ഏറെ പരിചയമുളള രഹാനെയെ മാറ്റിയതാണ് ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം. ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിങ്സുകളിൽ നിന്നായി 21 റൺസാണ് രഹാനെയ്ക്കു പകരം ടീമിൽ ഉൾപ്പെടുത്തിയ രോഹിത്തിന്റെ സമ്പാദ്യം.

ടീം സെലക്ഷനെക്കുറിച്ച് വിമർശനങ്ങൾ ഉയരുമ്പോഴും ടീമിൽ രോഹിത്തിനെ ഉൾപ്പെടുത്തിയതിനെ പിന്തുണയ്ക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചെയ്തത്. നിലവിലെ രോഹിത്തിന്റെ ഫോമിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതെന്നാണ് വിരാട് കോഹ്‌ലി മൽസരശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. താരങ്ങളുടെ നിലവിലെ ഫോമിന് അനുസരിച്ചാണ് ടീം തിരഞ്ഞെടുത്തത്. അടുത്തിടെ നടന്ന 3 ടെസ്റ്റ് മൽസരങ്ങളിലും നല്ല സ്കോറാണ് രോഹിത് നേടിയത്. ശ്രീലങ്കയ്ക്ക് എതിരായ സീരിസിൽ മികച്ച ഫോമിലായിരുന്നു രോഹിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തതെന്നും കോഹ്‌ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ