ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയുടെ ബോളിങ്ങിനു മുന്നിൽ തകർന്നുവീണ കോഹ്‌ലിയെയും സംഘത്തെയും പിന്തുണച്ച് ഗൗതം ഗംഭീർ രംഗത്ത്. ഇന്ത്യൻ ടീം അത്ര മോശമായല്ല കളിച്ചതെന്നും കൂടുതൽ നല്ല കളി ദക്ഷിണാഫ്രിക്ക പുറത്തെടുത്തത് കൊണ്ട് മാത്രമാണ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 287 റൺസ് പിന്തുടർന്ന ടീം ഇന്ത്യ 151 ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആകെ ആശ്വാസം വിരാട് കോഹ്‌ലിക്ക് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് മാത്രമാണ്.

ടീം ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയ ഗംഭീർ ഇത് ട്വിറ്ററിൽ പങ്കുവച്ചു. “ഇപ്പോൾ ടീം ഇന്ത്യയ്ക്ക് മാനസികമായ പിന്തുണ നൽകേണ്ട സമയമാണ്. അല്ലാതെ കടുത്ത വിമർശനം ഉന്നയിക്കേണ്ട സമയമല്ലിത്. ആദ്യ രണ്ട് ടെസ്റ്റിലും ടീം ഇന്ത്യ നന്നായി കളിച്ചിരുന്നു. നമ്മുടെ കളിക്കാരെ വിമർശിക്കുന്നതിന് പകരം കൂടുതൽ നന്നായി കളിച്ച ദക്ഷിണാഫ്രിക്കൻ സംഘത്തെ അഭിനന്ദിക്കാം”, ഗംഭീർ പറഞ്ഞു.

”സെഞ്ചൂറിയനിൽ ബാറ്റിങ്ങിന് അനുകൂലമായ പിച്ചെന്നാണ് കരുതിയത്. പക്ഷേ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീണപ്പോൾ ഞങ്ങളെ അത് ശരിക്കും അതിശയപ്പെടുത്തി. അപ്പോഴും ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാർക്ക് റൺസ് നേടാനാകുന്ന പിച്ചാണെന്നാണ് കരുതിയത്. എന്നാൽ ബാറ്റ്സ്മാന്മാർക്ക് ഇന്ത്യൻ സ്കോർ ഉയർത്താനായില്ല” കോഹ്‌ലി രണ്ടാമത്തെ ടെസ്റ്റും തോറ്റ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞതാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ