വിശാഖപട്ടണം: രോഹിത്തിന്റെയും പൂജാരയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിൽ ഷമിയും ജഡേജയും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 203 റൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 395 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.
1-0 #TeamIndia win the 1st Test in Vizag by 203 runs #INDvSA @Paytm pic.twitter.com/iFvuKOXPOJ
— BCCI (@BCCI) October 6, 2019
ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് തുടക്കം തന്നെ പിഴച്ചു. ഒമ്പത് റൺസ് കൂടി ടീം സ്കോറിൽ കൂട്ടിച്ചേർക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ത്യൂനിസ് ബ്യൂണിനെ മടക്കി അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ജഡേജയും ഷമിയും ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ടെസ്റ്റിലെ തന്റെ 350-ാം വിക്കറ്റാണ് അശ്വിൻ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 350 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ഇനി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം അശ്വിനും പങ്കുവയ്ക്കും.
Also Read: ‘അശ്വമേധം’; ടെസ്റ്റിൽ ചരിത്രം കുറിച്ച് ആർ.അശ്വിൻ
ടെംബ ബവുമയെയും നായകൻ ഫാഫ് ഡു പ്ലെസിസിനെയും ക്വിന്റൺ ഡി കോക്കിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷമി ഇന്ത്യക്ക് വിജയപാത ഒരുക്കി. എയിഡിൻ മാർക്രാമിനെയും വെർണൻ ഫിലാൻഡറെയും കേശവ് മഹാരാജിനെയും ജഡേജയും വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന ഡെയ്ൻ പിയറ്റ് – മുത്തുസ്വാമി സഖ്യം ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ആയൂസ് നീട്ടി. എന്നാൽ ജയം മാത്രം അകന്നു നിന്നു. പിയറ്റിന്റെ കുറ്റി തെറിപ്പിച്ചും റബാഡയെ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിച്ചും ഷമി തന്നെ ഇന്നിങ്സ് അവസാനിപ്പിച്ചു. 56 റൺസെടുത്ത പിയറ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ്പ് സ്കോറർ. മുത്തുസ്വാമി 49 റൺസെടുത്ത് പുറത്താകാതെ നിന്നു.
Also Read: അതിവേഗം ബഹുദൂരം; ഒരുപിടി നേട്ടങ്ങളുമായി ‘ഓപ്പണര്‍’ രോഹിത്
ഒന്നാം ഇന്നിങ്സില്‍ 71 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 ആയപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി. 149 പന്തില്‍ നിന്ന് ഏഴ് സിക്സറുകളും പത്ത് ഫോറുകളും അടക്കം 127 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ചേതേശ്വര്‍ പൂജാര 81 റണ്‍സ് നേടി.