സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ 20 ഓവറില്‍ കെ. എല്‍. രാഹുല്‍ – മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. മായങ്ക് 37 റണ്‍സുമായും രാഹുല്‍ 21 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.
ദക്ഷിണാഫ്രിക്ക: ഡീൻ എൽഗർ (ക്യാപ്റ്റന്‍), എയ്ഡൻ മര്‍ക്രം, കീഗൻ പീറ്റേഴ്‌സൺ, റാസി വാൻ ഡെർ ഡുസെൻ, ടെംബ ബാവുമ, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വിയാൻ മൾഡർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഇന്ത്യ: കെ. എൽ. രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വര് പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ വിരാട് കോഹ്ലിയും സംഘവും ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കാണ് ഇന്ന് സെഞ്ചൂറിയനില്‍ തുടക്കമാകുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നിലേക്കെത്താന്‍ ഇന്ത്യയ്ക്ക് ഓരോ കളികളും നിര്‍ണായകമാണ്.
പക്ഷെ നായകന്‍ വിരാട് കോഹ്ലിയുടെ ഫോമടക്കം ഇന്ത്യയെ വലയ്ക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പ്രധാനപ്പെട്ട ഒന്ന് ടീം തിരഞ്ഞെടുപ്പ് തന്നെയാണ്. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച് മികവ് കാണിച്ച ശ്രേയസ് അയ്യരുടെ ആദ്യ വിദേശ പര്യടനമാണിത്. താരം ഇതുവരെ കാര്യമായ വെല്ലുവിളികള്‍ നേരിട്ടിട്ടില്ലാത്തിനാല്‍ പരിചയസമ്പത്തിനാകും ഇന്ത്യ മുന്‍തൂക്കം നല്‍കുക.
ഓപ്പണര്‍ രോഹിത് ശര്‍മയുടെ അഭാവമാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി. ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തില്‍ രോഹിതിന്റെ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് തുണയായത്. ഓപ്പം രാഹുലും ചേര്‍ന്നപ്പോള്‍ ടീമിന് മികച്ച അടിത്തറയുണ്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളായിരിക്കും ഇറങ്ങുക.
മധ്യനിരയിലെ നെടും തൂണുകളായ കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ഫോമിലല്ല. കോഹ്ലി മൂന്നക്കം കടന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. കഴിഞ്ഞ 40 ഇന്നിങ്സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ശതകത്തിലേക്ക് എത്തിക്കാന്‍ പൂജാരയ്ക്ക് കഴിഞ്ഞിട്ടില്ല. രഹാനെയാകട്ടെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ പോലും പരാജയപ്പെട്ടു.
ബോളിങ്ങിലേക്കെത്തിയാല്‍ മുതിര്‍ന്ന താരങ്ങളായ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയത് നായകന്‍ കോഹ്ലിക്ക് ആശ്വാസമാകും. പിന്തുണയ്ക്കായി മുഹമ്മദ് സിറാജും ഉമേഷ് യാദവുമുണ്ട്. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും ജയന്ത് യാദവിനും ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ എത്രത്തോളം മികവ് കാണിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം.
Also Read: ടെസ്റ്റ് ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ കോഹ്ലി നിർണായക പങ്ക് വഹിക്കുന്നു; ദ്രാവിഡ്