വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ജയത്തിലേക്ക് പന്തെറിയുന്നു. 395 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സും തകർച്ചയോടെയാണ് തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് പ്രൊട്ടിയാസുകൾക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 30 റൺസെന്ന നിലയിലാണ്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഒമ്പത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജയാണ് വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ന് ത്യൂനിസ് ഡി ബ്ര്യൂണിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായ സന്ദർശകർക്ക് ഏറെ വൈകാതെ ബവുമയെയും നഷ്ടമായി. അശ്വിനും ഷമിക്കുമാണ് വിക്കറ്റ്.

ഒന്നാം ഇന്നിങ്‌സില്‍ 71 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 ആയപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടി. 149 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും പത്ത് ഫോറുകളും അടക്കം 127 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ചേതേശ്വര്‍ പൂജാര 81 റണ്‍സ് നേടി.

നേരത്തെ ദക്ഷിണാഫ്രിക്ക 431 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 502 റൺസ് നേടിയിരുന്നു. 385-8 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നു കളി ആരംഭിച്ചത്. ഇന്നത്തെ രണ്ട് വിക്കറ്റും അശ്വിനാണ് നേടിയത്. ഇതോടെ അശ്വിന്റെ വിക്കറ്റ് നേട്ടം ഏഴായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook