വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 202 റൺസെന്ന നിലയിലാണ്. മഴമൂലം ചായ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാൻ സാധിച്ചില്ല. തകർത്തടിച്ച ഓപ്പണർമാരുടെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും മായങ്ക് അഗർവാൾ അർസെഞ്ചുറിയും തികച്ചു.
— BCCI (@BCCI) October 2, 2019
നായകൻ വിരാട് കോഹ്ലിയുടെ തീരുമാനങ്ങളെല്ലാം ശരിവക്കുന്ന പ്രകടനമായിരുന്നു രോഹിത് ശർമ്മയുടേത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്ലി രോഹിത്തിനെ ഓപ്പണറായും ഇറക്കി. സാവധാനം തുടങ്ങിയ രോഹിത് പതിയെ കത്തികയറി. 154 പന്തിൽ സെഞ്ചുറി തികച്ച താരം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 174 പന്തിൽ 115 റൺസെടുത്തിട്ടുണ്ട്. 12 ഫോറും അഞ്ചു സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
@ImRo45 #INDvSA pic.twitter.com/BsqCeWdTQm
— BCCI (@BCCI) October 2, 2019
രോഹിത്തിന് മികച്ച പിന്തുണ നൽകിയ മായങ്ക് അഗർവാൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നു. 183 പന്തുകൾ നേരിട്ട മായങ്ക് 84 റൺസ് നേടി പുറത്താകതെ നിന്നു. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. ദക്ഷിണാഫ്രിക്കൻ ബോളിങ് നിരയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ഓപ്പണർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
ഓപ്പണറായുള്ള ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചുറി തികച്ച് വിമർശകർക്ക് തന്റെ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. ഉച്ചഭക്ഷണത്തിന് മുമ്പ് അർധസെഞ്ചുറി തികച്ച രോഹിത് ഉച്ചഭക്ഷണത്തിന് ശേഷം അതിവേഗം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു.
Also Read: ‘ഗ്രാന്റ് ഓപ്പണിങ്’; സെഞ്ചുറിയുമായി രോഹിത് ശർമ്മയുടെ ഓപ്പണിങ് അരങ്ങേറ്റം
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനവും പരിഹാസവുമാണ് രോഹിത് നേരിട്ടത്. രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം മറുപടിയായിട്ടാണ് രോഹിത്തിന്റെ സെഞ്ചുറി പ്രകടനം.
Also Read: ഇങ്ങനെയൊക്കെ ചെയ്യാവോ…; റയലിന്റെ മുറ്റത്ത് ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഡെന്നിസ്
ടെസ്റ്റ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നതു രോഹിത് ശര്‍മ്മയെ കുറിച്ചായിരുന്നു. ഏകദിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഓപ്പണറുമാണ് രോഹിത്. എന്നാല്‍ ടെസ്റ്റില്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചിട്ടില്ല. മധ്യനിര ബാറ്റ്സ്മാനായിട്ടാണ് രോഹിത് ഇതുവരെ ടെസ്റ്റിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള തീരുമാനം തെല്ലൊന്ന് അമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് താരം.