ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 297 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 265-8 എന്ന നിലയിലാണ് നിശ്ചിത ഓവറില്‍ കളിയവസാനിപ്പിച്ചത്. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ (79), വിരാട് കോഹ്ലി (51), ഷാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഫോമിലുള്ള നായകന്‍ കെ. എല്‍. രാഹുലിനെ കാഴ്ചക്കാരനാക്കി ധവാന്‍ അനായാസം സ്കോര്‍ മുന്നോട്ട് നയിച്ചു. 46 റണ്‍സിലെത്തിയപ്പോഴാണ് രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീടെത്തിയ കോഹ്ലിയുമൊത്ത് ധവാന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി.
92 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 79 റണ്‍സെടുത്ത ധവാനെ മഹരാജ് ബൗള്‍ഡാക്കിയതാണ് കളിയിലെ വഴിത്തിരിവായത്. 84 പന്തില്‍ 10 ബൗണ്ടറികളടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്സ്. ധവാന്‍ പുറത്തായതിന് ശേഷം അര്‍ധ സെഞ്ചുറി തികച്ച് കോഹ്ലിയും മടങ്ങി. 63 പന്തിലാണ് കോഹ്ലി 51 റണ്‍സ് നേടിയത്.
പിന്നീട് പരിചയസമ്പത്തിന്റെ അഭാവം നിറഞ്ഞ മധ്യനിര തകരുകയായിരുന്നു. ശ്രേയസ് അയ്യര്‍ (17), റിഷഭ് പന്ത് (16), വെങ്കിടേഷ് അയ്യര്‍ (2), രവിചന്ദ്രന്‍ അശ്വന്‍ (7) എന്നിവര്‍ അതിവേഗം മടങ്ങി. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദൂല്‍ താക്കൂര്‍ ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചു. കളിയുടെ അവസാന പന്തിലാണ് താരം അര്‍ദ്ധ സെഞ്ചുറി തികച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ ടെമ്പ ബാവുമ (110), റസി വാന്‍ ഡെര്‍ ഡസെന്‍ (129*) എന്നിവരുടെ മികവിലാണ് 296 റണ്‍സ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 204 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോര്‍ 19 ല്‍ നില്‍ക്കെ ഓപ്പണര്‍ ജാന്നെമന്‍ മലനെ ബുംറ മടക്കി. പിന്നാലെയെത്തിയ നായകന്‍ ടെമ്പ ബാവുമയും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് മെല്ലെ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. 15-ാം ഓവറില്‍ ഡി കോക്കിനെ ബൗള്‍ഡാക്കി അശ്വന്‍ കൂട്ടുകെട്ട് തകര്‍ത്തു.
അനാവശ്യ റണ്ണിന് ശ്രമിച്ച് എയ്ഡന്‍ മാര്‍ക്രം റണ്ണൗട്ടായതോടെ 68-3 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. പക്ഷെ പിന്നീട് ബാവുമയും വാന്‍ ഡെര്‍ ഡസെനും ചേര്‍ന്ന് റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ബാറ്റിങ്ങ്. ബാവുമ സംയമനത്തോടെ ബാറ്റ് വീശിയപ്പോള്‍ വാന്‍ ഡെര്‍ ഡസെന്‍ മറുവശത്ത് സ്കോറിങ്ങിന് വേഗം കൂട്ടി.
143 പന്തില്‍ 110 റണ്‍സ് നേടിയ ബാവുമയെ പുറത്താക്കിയതും ബുംറയായിരുന്നു. കേവലം 96 പന്തിലാണ് വാന്‍ ഡെര്‍ ഡസെന്‍ 129 റണ്‍സ് സ്വന്തമാക്കിയത്. ഒന്‍പത് ഫോറുകളും നാല് സിക്സറുകളും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിലെ ഉയര്‍ന്ന രണ്ടാമത്തെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്.
Also Read: മെല്‍ബണില്‍ മാക്സ്വെല്ലിന്റെ താണ്ഡവം; 64 പന്തില്‍ 154 റണ്‍സ്