ന്യൂസിലൻഡിനോട് അവരുടെ നാട്ടിലേറ്റ നാണംകെട്ട തോൽവിക്ക് ശേഷം സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കൊറോണ മത്സരത്തെയും ബാധിക്കുമെന്നാണ് സൂചന. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ നൽകുന്ന വിവരം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാശിയേറിയ ഒരു പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ത്യൻ ടീമിനെ സംബന്ധിച്ചടുത്തോളം എന്തുകൊണ്ടും തിരിച്ചുവരവുകളുടെ പരമ്പരയാണിത്. സൂപ്പർ താരങ്ങളായി ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നീ താരങ്ങൾ പരുക്കിൽ നിന്ന് മുക്തരായി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം ഇന്ത്യയും വിജയ വഴിയിൽ തിരിച്ചെത്താനൊരുങ്ങുകയാണ്.

Also Read: യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു; റൊണാൾഡോയുൾപ്പടെ ഐസോലെഷനിൽ

എല്ലാ കണ്ണുകളും ഹാർദിക് പാണ്ഡ്യയിലേക്ക് തന്നെയാണ്. വെടിക്കെട്ട് ഫോമിൽ തുടരുന്ന താരത്തിന് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോഴും മികവ് തുടരാനാകുമോയെന്നുറ്റു നോക്കുകയാണ് ആരാധകർ. പരിശീലനം നിർബന്ധമല്ലായിരുന്നിട്ടും ഇന്നലെ മണിക്കൂറുകളോളം നെറ്റ്സിൽ ചെലവഴിച്ച പാണ്ഡ്യയും ലക്ഷ്യമിടുന്നത് ഇത് തന്നെയാണ്. ഡിവൈ പട്ടീൽ ടി20 ടൂർണമെന്റിൽ റിലൈൻസ് വണ്ണിന് വേണ്ടി രണ്ട് സെഞ്ചുറികളാണ് താരം കുറിച്ചത്.

പാണ്ഡ്യയുടെ തിരിച്ചു വരവ് നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കും ആശ്വാസമാണ്. പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യ ടീമിലെത്തിച്ച ശിവം ദുബെയ്ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.2016ൽ ഏകദിന അരങ്ങേറ്റം കുറിച്ച ധർമ്മശാലയിലെ അതേ സ്റ്റേഡിയത്തിൽ മറ്റൊരു മടങ്ങിവരവിനൊരുങ്ങുകയാണ് താരം.

Also Read: ആൻഫീൾഡിലും അടിതെറ്റി ലിവർപൂൾ; പ്രീക്വർട്ടറിൽ പുറത്തായി ചാംപ്യന്മാർ

ശിഖർ ധവാനൊപ്പം മനീഷ് പാണ്ഡെ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതെന്നാണ് സൂചന. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ റോളിൽ കെ.എൽ.രാഹുൽ തുടരാനാണ് സാധ്യത. ജസ്‌പ്രീത് ബുംറയ്ക്കും ഭുവനേശ്വറിനുമൊപ്പം നവ്ദീപ് സെയ്നിയും പേസ് ഡിപ്പാർട്മെന്റിലെത്തും. യുസ്‌വേന്ദ്ര ചാഹലോ കുൽദീപ് യാദവിനോ ആയിരിക്കും സ്‌പിൻ ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook