ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ഏകദിനം ജയിച്ച ഇന്ത്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ ആദ്യമായി പരമ്പര നേട്ടം കൈവരിച്ചു. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങിയത് രോഹിത് ശർമ്മയായിരുന്നു. വിരാട് കോഹ്‌ലി മികച്ച ഫോമിലായിരുന്നെങ്കെിലും രോഹിത്തുമായുളള ആശയക്കുഴപ്പത്തിൽ റൺഔട്ടായത് ഇന്ത്യയ്ക്ക് വലിയൊരു അടിയായി.

കോഹ്‌ലിയും രോഹിത്തും ചേർന്ന് 105 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടയിലാണ് രോഹിത് കാരണം കോഹ്‌ലി റൺഔട്ടായത്. 26-ാം ഓവറില മൂന്നാമത്തെ ബോളിലായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് വീണത്. മോർക്കലിന്റെ ബോൾ നേരിട്ടത് രോഹിത്തായിരുന്നു. രോഹിത് റൺസിനായി ഓടിയെങ്കിലും ബോൾ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ കൈയ്യിൽ എത്തിയതുകണ്ട് കോഹ്‌ലിയോട് ഓടേണ്ടെന്നു വിളിച്ചു പറഞ്ഞു. ഇതിനോടകം കോഹ്‌ലി ഒരുപാട് ദൂരം പിന്നിട്ടിരുന്നു. കോഹ്‌ലി തിരിച്ചോടിയെങ്കിലും ജെപി ഡുമിനി കുറ്റി തെറിപ്പിച്ചിരുന്നു.

നിരാശയും അമർഷവും കടിച്ചമർത്തിയാണ് കോഹ്‌ലി ക്രീസ് വിട്ടത്. റീപ്ലേകളിൽ കോഹ്‌ലിയുടെ മുഖത്തുനിന്നും ഇത് വായിച്ചെടുക്കാമായിരുന്നു. കോഹ്‌ലിക്കുശേഷം എത്തിയ അജിങ്ക്യ രഹാനെയും രോഹിത്തുമായുളള ആശയക്കുഴപ്പത്തിൽ റൺഔട്ടായി. ഇതു കൂടി ആയപ്പോൾ കോഹ്‌ലിക്ക് കലിപ്പടക്കാനായില്ല. ഡ്രസിങ് റൂമിൽ മൽസരം കണ്ടുകൊണ്ടിരുന്ന കോഹ്‌ലി രോഹിത് കാരണം രഹാനെയും റൺഔട്ടാകുന്നത് കണ്ട് കൈയ്യിലിരുന്ന ഡ്രസ് വലിച്ച് താഴേക്ക് എറിഞ്ഞു.

രോഹിത് ശര്‍മ്മയുടെ 115 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ 5-ാം ഏകദിനത്തിൽ 73 റണ്‍സിന്റെ ആധികാരിക വിജയം നേടിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാർദ്ദിക് പാണ്ഡ്യയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും ബോളിങ്ങും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഒരു മൽസരം കൂടി ബാക്കിനിൽക്കേ 4-1ന്റെ ലീഡ് നേടിയാണ് കോഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ സംഘമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ