പോർട്ട് എലിസബത്തിൽ ഏകദിന കരിയറിലെ 17-ാമത് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 5-ാം മൽസരത്തിൽ രോഹിത് ശർമ്മ നേടിയത്. രോഹിതിന്റെ 115 റൺസ് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് 73 റൺസിന്റെ ജയം നേടുന്നതിൽ നിർണായകമായത്. പോർട്ട് എലിസബത്തിലെ വിജയത്തോടെ 4-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പുതിയൊരു ചരിത്രവും കുറിച്ചു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഇന്ത്യ ഏകദിന പരമ്പര നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 4 ഏകദിനങ്ങളിലും രോഹിത് ശർമ്മയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ രോഹിതിന്റെ ഫോമിനെച്ചൊല്ലി വിമർശനങ്ങളും ഉയർന്നു. ഇതിനൊക്കെ 5-ാം ഏകദിനത്തിലൂടെ ഹിറ്റ്മാൻ മറുപടി നൽകുകയായിരുന്നു. സെഞ്ചുറി നേടിയെങ്കിലും രോഹിത് അത് ആഘോഷമാക്കിയില്ല. രോഹിതിന്റെ മുഖത്ത് സന്തോഷവും ഉണ്ടായിരുന്നില്ല. ആരാധകരെ ഇത് അതിശയപ്പെടുത്തിയിരുന്നു. ഇതിനു പിന്നിലെ കാരണം മൽസരശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് വെളിപ്പെടുത്തി.

”എനിക്കു മുൻപേ രണ്ടുപേർ റൺഔട്ടായി. അതു കഴിഞ്ഞപ്പോൾ എനിക്ക് ആഘോഷിക്കാൻ തോന്നിയില്ല. ആഘോഷം ഓരോരുത്തരുടെയും മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും. നമ്മുടെ മികച്ച രണ്ടു ബാറ്റ്സ്മാന്മാരാണ് റൺഔട്ടായത്. അപ്പോൾപ്പിന്നെ കളി മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. ആ അവസരത്തിൽ ആഘോഷമൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല” രോഹിത് പറഞ്ഞു. 5-ാം ഏകദിനത്തിൽ രോഹിത്തുമായുളള ആശയക്കുഴപ്പത്തെ തുടർന്നാണ് വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും റൺഔട്ടായത്.

തന്റെ ഫോമിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങളോടും രോഹിത് പ്രതികരിച്ചു. ”മൂന്നു മൽസരങ്ങളിൽ ഞാൻ തുടർച്ചയായി പെട്ടെന്ന് ഔട്ടായാൽ ആ 3 മൽസരങ്ങളെ മാത്രം വിലയിരുത്തി ഞാൻ ഫോമിൽ അല്ലെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ സാധിക്കും?. ഒരു മൽസരം മാത്രം നോക്കിയിട്ടാണ് നിങ്ങൾ ഒരാളുടെ ഫോമിനെ വിലയിരുത്തുന്നത്. ഒരാൾ 3 മൽസരങ്ങളിൽ നന്നായി കളിച്ചില്ലെങ്കിൽ നിങ്ങൾ പറയും അയാൾ ഫോമിൽ അല്ലെന്ന്. ഒന്നോ രണ്ടോ മൽസരങ്ങൾ മാത്രം വിലയിരുത്തി ഒരാളുടെ കഴിവിനെ വിലയിരുത്തുന്നത് ശരിയായ രീതിയല്ല” രോഹിത് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ