ജൊഹന്നാസ്ബർഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചേക്കുമെന്ന ആശങ്കകൾക്കിടെ തങ്ങളും കളിക്കാൻ തന്നെയാണ് വന്നതെന്ന് ദക്ഷിണാഫ്രിക്കൻ കോച്ച്. പിച്ച് അപകടകരമാണെന്ന ദക്ഷിണാഫ്രിക്കൻ താരം തന്നെ പരാതി ഉന്നയിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ഓട്ടിസ് ഗിബ്‌സൺ.

മൽസരം തുടരാൻ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ സമ്മതിച്ചതോടെ നാലാം ദിനവും കളി നടന്നേക്കും. എന്നാൽ പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ചായിരിക്കും കളി. ആതിഥേയ ടീമായ ദക്ഷിണാഫ്രിക്ക തന്നെയാണ് ഇന്നലെ പിച്ചിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. “ഞങ്ങളും ഇവിടെ ക്രിക്കറ്റ് കളിക്കാൻ തന്നെയാണ് വന്നത്. പിച്ചിനെ കുറിച്ച് അംപയർമാർക്ക് ആശങ്കയുണ്ട്. അത് കളിക്കാരുടെ സുരക്ഷ മുൻനിർത്തിയാണ്. അവരെന്ത് പറയുന്നോ അതനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്. അംപയർ പറഞ്ഞാൽ കളിക്കും”, ഓട്ടിസ് ഗിബ്സൺ വ്യക്തമാക്കി.

പിച്ചിനെ കുറിച്ചുളള പരാതിയും മഴയും മൂലം ഇന്നലെ നേരത്തേ കളി അവസാനിപ്പിച്ചിരുന്നു. പിന്നീട് മാച്ച് അംപയർമാരുമായി നടത്തിയ ചർച്ചയിൽ കളി ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അറിയിച്ചു. മൂന്നാം ദിനം അപകടകരമായ പിച്ചിൽ തന്നെയാണ് തങ്ങൾ ബാറ്റ് ചെയ്തതെന്ന വാദമാണ് നായകൻ ഉയർത്തിയത്.

ഇന്ത്യ വിജയിക്കാനുള്ള സാധ്യതകൾ ഉളളപ്പോൾ മൽസരത്തിൽ നിന്ന് പിന്മാറുകയാണ് ദക്ഷിണാഫ്രിക്കയെന്ന തോന്നൽ ഉയർന്നിരുന്നു. എന്നാൽ പന്ത് അപ്രതീക്ഷിതമായ നിലയിൽ കുത്തി ഉയരുന്നത് ബാറ്റ്സ്‌മാന്മാർക്ക് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്.

ഇന്നലെ രാത്രി വൈകിയാണ് ഇന്നും മൽസരം തുടരാനുളള സമ്മതം ദക്ഷിണാഫ്രിക്കൻ ടീം അറിയിച്ചത്. പിച്ചിനെ പരാതി പറഞ്ഞ് മൽസരം ഉപേക്ഷിച്ചാൽ അത് ആതിഥേയ ടീമിനെ തന്നെ തിരിഞ്ഞുകുത്തുമെന്ന തോന്നലുയർന്നതിനെ തുടർന്നായിരുന്നു ഇത്.

240 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. അജിങ്ക്യ രഹാനെ (48), വിരാട് കോഹ്‌ലി (41), ഭുവനേശ്വർ കുമാർ (33) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വാണ്ടറേർസിലെ പിച്ചിൽ ഈ സ്കോർ ജയസാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ പിച്ച് ഇന്നും അപകടകരമായി പെരുമാറിയാൽ മൽസരം ഉപേക്ഷിക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ