റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലും വിജയം കൈവരിച്ച് ഇന്ത്യ. ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യൻ ജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്ത് വാരി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും.
രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലായിരുന്നു. നാലാം ദിനം കളി തുടങ്ങി വെറും ഒരു റൺ നേടുന്നതിനിടയിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റും ഇന്ത്യയുടെ ചുണക്കുട്ടികൾ എറിഞ്ഞിട്ടു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് വെറും 133 റൺസിൽ അവസാനിച്ചു.
രണ്ടാം ഇന്നിങ്സിലും ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചുകൊണ്ട് ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കൻ താരത്തെ മടക്കിയത്. ക്വിന്റൻ ഡീ കോക്കിനെയാണ് താരം പുറത്താക്കിയത്. അടുത്ത ഓവറിൽ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ സുബൈറിനെ ഷമിയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകർച്ച മുന്നിൽ കണ്ടു.
ഡു പ്ലെസിസിനെയും തെംബ ബാവുമയെയും മടക്കി ഷമി വീണ്ടും ഇന്ത്യക്ക് മേൽക്കൈ നൽകി. ജഡേജയും അശ്വിനും അക്രമണത്തിലേക്ക് ഇറങ്ങിയതോടെ ഒന്നിനുപുറകെ ഒന്നായി പ്രൊട്ടിയാസ് താരങ്ങൾ കൂടാരം കയറി. നാലാം ദിനത്തിൽ തുടർച്ചയായ പന്തുകളിൽ ദക്ഷിണാഫ്രിക്കയുടെ തെയൂനിസ് ഡിബ്രൂയിൻ, പതിനൊന്നാമൻ ലുങ്കി എൻഗിഡി എന്നിവരെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീം പുറത്താക്കി ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു.
രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 500 റണ്‍സിന് വെറും മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സാണ് ഇന്ത്യ എടുത്തത്.
രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയും അജിൻക്യ രഹാനെയുടെ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. 255 പന്തുകളില്‍ നിന്നും 212 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ചുറിയാണിത്. ആറ് സിക്‌സും 28 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറി നേടാനാകാതെ വലഞ്ഞിരുന്ന രഹാനെയും ഫോമിലേക്ക് ഉയര്‍ന്നു. രഹാനെ 192 പന്തില്‍ 115 റണ്‍സ് നേടി. ഒരു സിക്‌സും 17 ഫോറും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.