ജൊഹന്നാസ്ബർഗ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പിടിമുറുക്കുന്നു. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തിട്ടുണ്ട്. അർധസെഞ്ചുറി നേടിയ ഡിയാൻ എൽഗർ (68 നോട്ടൗട്ട്), ഹാഷിം അംല (52) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായ. ഇരുവരുടെയും മികച്ച കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിലും പിടിമുറുക്കാൻ സഹായിച്ചത്.

നാലാം ദിനം 17 റൺസിന് 1 വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. കളി തുടങ്ങി ഏതാനും ഓവർ കഴിയുന്നതിനുമുൻപേ തന്നെ ദക്ഷിണാഫ്രിക്കയുടെ ആദ്യവിക്കറ്റ് വീണു. മർക്രാമിനെ മുഹമ്മദ് ഷമി മടക്കി.

രണ്ടാം ഇന്നിങ്സിൽ 247 റൺസാണ് ഇന്ത്യ നേടിയത്. ഇതിനിടെ എല്ലാ ബാറ്റ്സ്മാന്മാരും പുറത്തായി. മധ്യനിരയിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയുമാണ് ഇന്ത്യൻ പ്രതിരോധത്തിന് ശക്തിയേകിയത്. അജിങ്ക്യ രഹാനെ 48 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 41 റൺസെടുത്തു. മുഹമ്മദ് ഷമി 27 റൺസെടുത്തപ്പോൾ ഭുവനേശ്വർ കുമാർ 33 റൺസെടുത്ത് പുറത്തായി.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 187 റൺസിന് പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (54), ചേതേശ്വർ ‍പൂജാര (50 എന്നിവരാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ