ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ സന്ദർശകർക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം നായകൻ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. മൂന്ന് ഓവറും ഒമ്പത് വിക്കറ്റും ബാക്കി വച്ചാണ് ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലൊതുക്കിയത്.

Also Read: ചെയ്‌സിങ്ങിന് പേരുകേട്ട ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്തിന്; കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക തുടക്കം മുതൽ തകർത്തടിച്ചു. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത റീസ ഹെൻഡ്രിക്സ് ക്വിന്രൺ ഡി കോക്ക് സഖ്യം ദക്ഷിണാഫ്രിക്കക്ക് തുടക്കം മുതൽ വിജയ പ്രതീക്ഷ നൽകി. 28 റൺസുമായി റീസ കളം വിട്ടെങ്കിലും മത്സരം ദക്ഷിണാഫ്രിക്കൻ നായകന്റെ കൈകളിൽ ഭദ്രമായിരുന്നു. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ ബാവുമയെ ഒരറ്റത്ത് സാക്ഷിയാക്കി ഡി കോക്ക് തകർത്തടിച്ചു. 52 പന്തിൽ 79 റൺസ് നേടിയ ഡി കോക്കിന്റെ ബാറ്റിൽ നിന്ന് തന്നെയായിരുന്നു വിജയ റൺസും പിറന്നത്.

ഓപ്പണർ ശിഖർ ധവാനൊഴിച്ച് മറ്റാർക്കും തിളങ്ങാനാകതെ വന്നതോടെയാണ് ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങിയത്. 36 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. അവസാന ഓവറിൽ മൂന്ന് ഇന്ത്യൻ വിക്കറ്റുകളാണ് പ്രൊട്ടീയസുകൾ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു.

Also Read: ‘തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍…’; അവധി നീട്ടി ധോണി, അനിശ്ചിതത്വം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. ഒമ്പത് റൺസുമായി രോഹിത് ക്രീസ് വിടുമ്പോൾ ഇന്ത്യൻ സ്കോർ 22. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകൻ കോഹ്‌ലിയും ഒമ്പത് റൺസിൽ പുറത്തായി. ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. 19 റൺസുമായാണ് താരം കളം വിട്ടത്. ശ്രേയസ് അയ്യർ അഞ്ച് റൺസിനും ക്രുണാൽ പാണ്ഡ്യ നാല് റൺസിനും പുറത്തായി.

ബൗണ്ടറികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രവീന്ദ്ര ജഡേജയും പുറത്തായി. കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്തിൽ വാഷിങ്ടൺ സുന്ദറും അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കഗിസോ റബാഡ മൂന്ന വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook