ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ സന്ദർശകർക്ക് ജയിക്കാൻ 135 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാനൊഴിച്ച് മറ്റാർക്കും തിളങ്ങാനാകതെ വന്നതോടെയാണ് ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങിയത്. 36 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. അവസാന ഓവറിൽ മൂന്ന് ഇന്ത്യൻ വിക്കറ്റുകളാണ് പ്രൊട്ടീയസുകൾ വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. ഒമ്പത് റൺസുമായി രോഹിത് ക്രീസ് വിടുമ്പോൾ ഇന്ത്യൻ സ്കോർ 22. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകൻ കോഹ്‌ലിയും ഒമ്പത് റൺസിൽ പുറത്തായി. ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. 19 റൺസുമായാണ് താരം കളം വിട്ടത്. ശ്രേയസ് അയ്യർ അഞ്ച് റൺസിനും ക്രുണാൽ പാണ്ഡ്യ നാല് റൺസിനും പുറത്തായി.

ബൗണ്ടറികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രവീന്ദ്ര ജഡേജയും പുറത്തായി. കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്തിൽ വാഷിങ്ടൺ സുന്ദറും അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കഗിസോ റബാഡ മൂന്ന വിക്കറ്റ് വീഴ്ത്തി.

പരമ്പരയിൽ 1-0ന് മുന്നിലുള്ള ഇന്ത്യ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കമെന്ന പ്രതീക്ഷയിലാണ്. അങ്ങനെ പരമ്പര നേടുകയാണെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടുന്ന ആദ്യ പരമ്പര ജയം കൂടിയാകും അത്. ഇന്ത്യയിൽ ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പര നേടാൻ നീലപ്പടയ്ക്ക് സാധിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook