സെഞ്ചൂറിയൻ: രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന്് ദക്ഷിണാഫ്രിക്ക കരകയറുന്നതിനിടെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് വെല്ലുവിളിയായി മഴ പെയ്തു. എട്ട് റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഡിവില്ലിയേഴ്സിന്റെയും ഓപ്പണർ എൽഗറുടെയും ചെറുത്തുനിൽപ്പിൽ കരകയറുന്നതിനിടെയാണ് മഴ പെയ്തത്.

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ അക്കൗണ്ട് തുറന്നപ്പോൾ ആദ്യ ഇന്നിംഗ്സിലെ നെടുംതൂണായ മർക്കാരത്തെ ബുമ്ര മടക്കിയിരുന്നു. ടീം സ്കോർ ഒന്നിൽ നിൽക്കെ ഒരു റൺ മാത്രമെടുത്ത മർക്കാരത്തെ ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി.

മൂന്നാമനായി ഇറങ്ങിയ ഹാഷിം അംലയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. പത്ത് പന്ത് നേരിട്ട അംലയെയും ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അംലയും ഒരു റൺ മാത്രമാണ് എടുത്തത്. 65 പന്ത് നേരിട്ട് 29 റൺസുമായി എൽഗറും 60 പന്തിൽ നിന്ന് 35 റൺസുമായി ഡിവില്ലിയേഴ്സുമാണ് ക്രീസിൽ.

ഇരുടീമുകളും മൂന്നാം ദിനം ചായക്ക് പിരിഞ്ഞ ശേഷമാണ് മഴ പെയ്തത്. ഇപ്പോൾ ദക്ഷിണാഫ്രിക്ക 68 റൺസ് എടുത്തിട്ടുണ്ട്.

ആദ്യ ഇന്നിംഗ്സിൽ 335 റൺസെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ 307 റൺസെടുത്തിരുന്നു. വിരാട് കോഹ്ലി 153 ഉം ശിഖർ ധവാൻ 40 ഉം രവിചന്ദ്ര അശ്വിൻ 38 ഉം റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോർനെ മോർക്കൽ നാല് വിക്കറ്റ് വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ