ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന് സെഞ്ചൂറിയനിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് സച്ചിൻ തെൻഡുക്കറുടെ ടിപ്‌സ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നിരവധി മൽസരങ്ങളും ലോകത്തിലെ മികച്ച ബോളർമാരെയും നേരിട്ടുളള ക്രിക്കറ്റ് ഇതിഹാസം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 3 ടിപ്‌സാണ് നൽകുന്നത്.

”ബാറ്റ്സ്മാന്മാർ ആദ്യ 25 ഓവറുകൾ ശ്രദ്ധിക്കണം, 50 ഓവറുകൾക്ക് ശേഷം മാത്രമേ സ്കോർ ഉയർത്താൻ ശ്രമിക്കാവൂ. ബോളർമാർ ശരിയായ രീതിയിൽ ബോളിങ് ചെയ്യണം, ഇവയെക്കാൾ ഏറ്റവും പ്രധാനം ടമിൽ പോസിറ്റിവിറ്റി നിലനിർത്തുകയെന്നതാണ്” സച്ചിൻ പറഞ്ഞു.

ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതിൽ ടീം നിരാശപ്പെടരുതെന്നും സച്ചിൻ പറഞ്ഞു. ”കേപ്ടൗണിൽ പരാജയപ്പെട്ടുവെങ്കിലും ടീമിന് നിരാശയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യ ടെസ്റ്റിനെക്കാൾ രണ്ടാം ടെസ്റ്റാണ് പ്രധാനം. ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ കളിക്കണം” സച്ചിൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ദയനീയമായിട്ടാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാന്മാരായ ആർക്കും 30 റൺസ് കടക്കാനായില്ല. ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും (93), രണ്ടാം ഇന്നിങ്സിൽ അശ്വിനും (37) മാത്രമാണ് 30 റൺസ് കടന്നത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടിടത്താണ് ഏഴാമതും എട്ടാമതും ആയി ഇറങ്ങിയ പാണ്ഡ്യയും അശ്വിനും ഭേദപ്പെട്ട റൺ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ