പൂനെ: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണർ മായങ്ക് അഗർവാളിന്റെയും ചേതേശ്വർ പൂജാരയുടെയും അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ നയിക്കുന്നത്. ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിലാണ്. 58 റൺസെടുത്ത പൂജാര പുറത്തായി. 86 റൺസുമായി മായങ്ക് അഗർവാളും റൺസൊന്നുമെടുക്കാത്ത വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ.

ഓപ്പണർ രോഹിത് ശർമ്മയാണ് 14 റൺസെടുത്തു ആദ്യം പുറത്തായത്. 35 പന്തിൽ ഒരു ഫോർ ഉൾപ്പെടെയാണ് രോഹിത് 14 റൺസ് നേടിയത്. കഗീസോ റബാദയ്ക്കാണ് വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്‌ക്കെ‌തിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. രണ്ട് ഇന്നിങ്സിലും രോഹിത് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു. 112 പന്തിൽ 58 റൺസാണ് പൂജര സ്വന്തമാക്കിയത്.
Read Also: ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലേക്ക് കുതിച്ച് രോഹിത് ശർമ്മ; വിരാട് കോഹ്‌ലിക്ക് തിരിച്ചടി

രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിനുളള ടീമിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാറ്റം വരുത്തി. ഇന്ത്യൻ ടീമിൽ ഹനുമ വിഹാരിക്കു പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക ഡെയ്ൻ പീറ്റിനു പകരം ആൻറിച് നോർജെ ടീമിൽ ഉൾപ്പെടുത്തി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്.

മൂന്നു മത്സരങ്ങൾ അടങ്ങുന്നതാണ് ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. രോഹിത്തിന്റെയും പൂജാരയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിൽ ഷമിയും ജഡേജയും തിളങ്ങിയതോടെ ഇന്ത്യൻ ജയം എളുപ്പമായി. ഇന്ത്യ ഉയർത്തിയ 395 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook