പൂനെ: വന്‍ തകര്‍ച്ചയില്‍ നിന്നും ദക്ഷിണാഫ്രിക്കയെ കൈ പിടിച്ചുയര്‍ത്തി വാലറ്റം. ഒമ്പതാം വിക്കറ്റില്‍ കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സെടുത്ത് പുറത്തായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സിന് പിന്നിലാണ്.

നാല് വിക്കറ്റ് നേടിയ അശ്വിനാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ തകര്‍ത്ത ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് നേടി.

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അതിവേഗം വന്ന വഴിക്കു മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വലിയ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മധ്യനിരയില്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടു പേരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ച്ച നേരിട്ടു. എന്നാല്‍ ഒമ്പതാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടിലൂടെ കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചേര്‍ന്ന് ടീമിനെ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തി.

മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. താരം 132 പന്തുകളില്‍ നിന്നും 72 റണ്‍സ് നേടി. ഫിലാന്‍ഡര്‍ 192 പന്തുകളില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Read Also: മുൻനിര മൂക്കുകുത്തി വീണു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വൻതകർച്ചയിലേക്ക്

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്നിറങ്ങിയ ദക്ഷിണഫ്രിക്കയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. 33 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. മടങ്ങിവരവിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. എയ്ഡൻ മർക്രട്ടെയുടെ വിക്കറ്റാണ് പ്രൊട്ടിയാസുകൾക്ക് ആദ്യം നഷ്ടമായത്. ടീം സ്കോർ രണ്ടിൽ നിൽക്കെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെ ഉമേഷ് എയ്ഡനെ വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ഡീൻ എൾഗാറിനെയും ഉമേഷ് തന്നെ പുറത്താക്കി. മൂന്നാം വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു. തെംബ ബാവുമായെ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിച്ച ഷമി ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടിപ്രഹരമേൽപ്പിച്ചു.

india, south africa, test match, ie malayalam

ഒന്നാം ഇന്നിങ്സ് ഇന്ത്യ 601 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ജഡേജ, പൂജാര, രഹാനെ എന്നിവരുടെ അർധസെഞ്ചുറിയുമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook