Latest News

ദക്ഷിണാഫ്രിക്കയിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യ ഇറങ്ങുന്നു; രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

സെഞ്ചുറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 113 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്

Photo: Facebook/ Indian Cricket Team

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടി പുതുചരിത്രം കുറിക്കാൻ ഇന്ത്യ ഇറങ്ങുന്നു. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം. സെഞ്ചുറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 113 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെ അവരുടെ മണ്ണിൽ തോൽപിച്ച ഇന്ത്യ, പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയോടും അത് ആവർത്തിക്കാനാകും ശ്രമിക്കുക. ഇന്ത്യൻ ടീമിന്റെ ഇന്ത്യക്ക് പുറത്തെ ഹോം ഗ്രൗണ്ട് എന്ന് വിളിക്കാവുന്ന തോൽവിയറിയാത്ത വാണ്ടറേഴ്സിൽ ഇന്ത്യക്ക് അത് എളുപ്പമാകാനാണ് സാധ്യത.

മിന്നും ഫോമിലുള്ള ഇന്ത്യയുടെ ബോളിങ് നിരതന്നെയാണ് വാണ്ടറേഴ്സിലും നിർണായകമാകുക. ബുംറയും ഷമിയും ചേർന്ന് നയിക്കുന്ന പേസ് നിരയും അശ്വിന്റെ സ്പിന്നും ഏത് ലോകോത്തര ബാറ്റിങ്ങിനെയും തകർക്കാൻ കഴിയുന്നതാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബോളിങ്ങിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.

ബാറ്റിങ്ങിൽ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി എന്നിവർ വലിയ സ്കോർ കണ്ടെത്താത്തതാണ് ഇന്ത്യയുടെ തലവേദന. എന്നാൽ കഴിഞ്ഞ രണ്ടു ഇന്നിങ്‌സുകളിലെ ഇവരുടെ ഭേദപ്പെട്ട പ്രകടനം ചെറിയ ആശ്വാസമാണ്. ജയിച്ച ടീമിനെ നിലനിർത്തുകയെന്ന കോഹ്ലി ഫോർമുലയുമുള്ളതുകൊണ്ട് ടീമിൽ മാറ്റങ്ങൾക്കുള്ള സാധ്യത കുറവാണ്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഡി കോക്കിന്റെ വിരമിക്കൽ ആകെ തകർന്ന ബാറ്റിങ് നിരയ്ക്ക് ക്ഷീണമായേക്കും. കൈൽ വെറെയ്ൻ ആണ് ഡി കോക്കിന് പകരക്കാരനായി ടീമിൽ എത്തുക. അതേസമയം, സെഞ്ചുറിയനിൽ ബാറ്റർമാർ വീണ്ടും പരാജയപ്പെട്ടപ്പോഴും ബോ

ളർമാർ തിരിച്ചുവന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്.

1992ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ പരമ്പര മുതൽ ഇങ്ങോട്ട് എല്ലാത്തിലും ജയം അവർക്ക് ഒപ്പമായിരുന്നു. 2010/11 സീസണിൽ ധോണിയുടെ നേതൃത്വത്തിലുള്ള ടീം സമനില നേടിയിരുന്നു. അതല്ലാതെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന അവസാന പരമ്പരയിൽ 1-2 ന് ആയിരുന്നു തോൽവി.

Also Read: ടീമിനെ നയിക്കുന്നതിൽ കോഹ്ലിയുടേത് അസാമാന്യ പ്രകടനമെന്ന് ദ്രാവിഡ്

ടീം ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, ജയന്ത് യാദവ്, പ്രിയങ്ക് പഞ്ചാൽ, ഉമേഷ് യാദവ്, ഹനുമ വിഹാരി, ഇഷാന്ത് ശർമ്മ.

ദക്ഷിണാഫ്രിക്ക: ഡീൻ എൽഗർ (ക്യാപ്റ്റൻ), ടെംബ ബാവുമ (വൈസ് ക്യാപ്റ്റൻ), കാഗിസോ റബാഡ, സരേൽ എർവി, ബ്യൂറാൻ ഹെൻഡ്രിക്‌സ്, ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, കീഗൻ പീറ്റേഴ്‌സൺ, റാസി വാൻ ഡെർ ഡസ്സെൻ വെറെയ്‌നെ, മാർക്കോ ജാൻസെൻ, ഗ്ലെന്റൺ സ്റ്റൂർമാൻ, പ്രെനെലൻ സുബ്രയെൻ, സിസാൻഡ മഗല, റയാൻ റിക്കൽട്ടൺ, ഡുവാനെ ഒലിവിയർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa 2nd test 2022 updates highlights

The moderation of comments is automated and not cleared manually by malayalam.indianexpress.com