സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മൽസരത്തിൽ മികച്ച സ്കോർ നേടിയിട്ടും ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചില്ല. ആറ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ഓപ്പണർമാരെ പവർപ്ലേയിൽ തന്നെ നഷ്ടമായ ഇന്ത്യ മധ്യനിരയിൽ മനേഷ് പാണ്ഡ്യയും എം.എസ്.ധോണിയും നടത്തിയ പോരാട്ടത്തിലൂടെയാണ് മികച്ച സ്കോറിലെത്തിയത്.

എന്നാൽ ബോളിങ്ങിൽ ഇന്ത്യയ്ക്ക് അടിപതറി. സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ  തിരഞ്ഞുപിടിച്ച് ആക്രമിച്ച് ക്ലാസനാണ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പവർപ്ലേ തീരും മുൻപ് തന്നെ ഓപ്പണർമാരെയും നായകൻ വിരാട് കോഹ്‌ലിയെയും നഷ്ടമായി. സുരേഷ് റെയ്നയുടെ പോരാട്ടം  11-ാം ഓവറിൽ ടീം സ്കോർ 90 ൽ നിൽക്കെ അവസാനിച്ചു.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം ആരാധകരെ ആവേശം കൊളളിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച് മുൻ നായകൻ മഹേന്ദ്ര സിങ് ധോണി മൈതാനം കീഴടക്കിയതാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണ്ണായകമായത്. മൂന്ന് സിക്സും ആറ് ഫോറും അടക്കം 48 പന്തിൽ 79 റൺസ് നേടിയ മനീഷ് പാണ്ഡ്യയ്ക്ക് മികച്ച പിന്തുണയാണ് മുൻ നായകൻ നൽകിയത്.

തന്റെ കരിയറിലെ രണ്ടാം ടി20 അർദ്ധ സെഞ്ചുറി നേടിയ ധോണിയുടെയും മനീഷ് പാണ്ഡ്യയുടെയും അപരാജിത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് 188 എന്ന വിജയസാധ്യതയുണ്ടായിരുന്ന സ്കോർ സമ്മാനിച്ചത്.

എന്നാൽ ക്ലാസൻ വില്ലനായി അവതരിച്ചതോടെ നായകൻ കോഹ്‌ലിയുടെ തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. ചാഹലിനെ അഞ്ച് വട്ടം സിക്സർ പറത്തിയ ക്ലാസൻ 41 റണ്ണാണ് ഇദ്ദേഹത്തിന്റെ പന്ത്രണ്ട് പന്തിൽ നിന്ന് അടിച്ചുകൂട്ടിയത്. ഇതേക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

മൽസരം തോറ്റെങ്കിലും ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ഇന്നലത്തെ മൽസരത്തിൽ. മുൻ നായകൻ ചരിത്രപുസ്തകത്തിൽ തിരുത്തിയെഴുതിച്ചേർത്ത റെക്കോർഡുകളാണ് ഇതിൽ പ്രധാനം. അവ ഇവയാണ്.

ധോണിയുടെ 27 പന്തിൽ നിന്നുളള അർദ്ധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മുൻപ് ധവാൻ നേടിയതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വേഗമേറിയ അർദ്ധ സെഞ്ചുറിയാണിത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ധോണി നേടിയ രണ്ടാമത്തെ വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്.

അവസാന രണ്ട് ഓവറുകളിൽ ധോണി അടിച്ചുകൂട്ടിയത് 28 റൺസാണ്. അവസാന പത്ത് പന്തുകളിൽ 41 റൺസ് നേടിയ യുവ്‌രാജ് സിങ്ങിന്റെ നേട്ടത്തിന് തൊട്ടുതാഴെയാണ് ഈ റെക്കോർഡ് ഉളളത്.

ഇന്നലെ അടിച്ച മൂന്ന് സിക്സറുകൾ കൂടിയായതോടെ മുൻ ഇന്ത്യൻ നായകൻ ടി20 യിൽ 44 സിക്സറുകൾ തികച്ചു. വിക്കറ്റ് കീപ്പർമാരുടെ നിരയിൽ ഏറ്റവും കൂടുതൽ ടി20 സിക്സറുകൾ നേടിയ മൂന്നാം സ്ഥാനക്കാരനാണ് ധോണിയിപ്പോൾ. മുഹമ്മദ് ഷെഹ്‌സാദ് (68), ബ്രണ്ടൻ മക്കുലം (58) എന്നിവർ മാത്രമാണ് ധോണിക്ക് മുന്നിൽ.

മനീഷ് പാണ്ഡെയ്ക്ക് ഒപ്പം ധോണി നേടിയ 98 റൺസ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിലെ നാലാമത്തെ ഉയർന്ന കൂട്ടുകെട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ