ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ കളിയില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 31 റണ്‍സിന് തോല്‍വി വഴങ്ങിയതില്‍ ടീമിനും നായകന് കെ.എല്‍.രാഹുലിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മധ്യനിര തകര്‍ന്നടിഞ്ഞതായിരുന്നു തോല്‍വിയുടെ പ്രധാന കാര്യം. പല മുന്‍താരങ്ങളും നിരീക്ഷകരും ഇത് എടുത്തു പറയുകയും ചെയ്തിരുന്നു.
ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവോ, ഋതുരാജ് ഗെയ്ക്വാദോ എത്തിയേക്കാം. ഓള് റൗണ്ടര്‍ താരമെന്ന നിലയില്‍ ടീമിലെത്തിയ വെങ്കിടേഷ് അയ്യരെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന ധാരണയിലേക്കും ടീമെത്തിയിട്ടുണ്ടാകണം.
നീണ്ട ഇടവേളയ്ക്ക് ശേഷം നീലക്കുപ്പായത്തില്‍ മടങ്ങിയെത്തിയ ശിഖര്‍ ധവാന്റെ ഫോം ആശ്വാസം പകരുന്നതാണ്. പ്രത്യേകിച്ച് രോഹിത് ശര്‍മയുടെ അഭാവത്തില്‍. മുന്‍ നായകന് വിരാട് കോഹ്ലിയും താളം കണ്ടെത്തിയത് സന്ദര്‍ശകര്‍ക്ക് ആനുകൂല്യമാണ്.
ബോളിങ്ങിലേക്കെത്തുമ്പോള് സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ആദ്യ ഏകദിനത്തില്‍ അശ്വിന് ഒരു വിക്കറ്റ് നേടിയെങ്കിലും യുസ്വേന്ദ്ര ചഹല്‍ പരാജയപ്പെട്ടിരുന്നു. ജസ്പ്രിത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ കോമ്പോ മാറ്റി പരീക്ഷിക്കാന്‍ സാധ്യത കുറവാണ്.
മറുവശത്ത് ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ടെമ്പ ബാവുമ മുന്നില്‍ നിന്ന് നയിക്കുന്നതാണ് ആതിഥേയരുടെ കരുത്ത്. ഇന്ന് ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാം.
Also Read: T20 WC 2022: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍