ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ തച്ചുടച്ചത് പേസ് ബോളർ വെർനേൻ ഫിലാൻഡറായിരുന്നു. ആറു വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ ഫിലാൻഡർ വീഴ്ത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റും ഫിലാൻഡറിനായിരുന്നു. കോഹ‌്‌ലിയെ വീഴ്ത്താനുളള തന്ത്രം മൽസരത്തിനു മുൻപുതന്നെ മെനഞ്ഞിരുന്നതായി മൽസരശേഷം ഫിലാൻഡർ വെളിപ്പെടുത്തി. ആ തന്ത്രം കൃത്യമായ സമയത്ത് നടപ്പിലാക്കാൻ കഴിഞ്ഞതാണ് തന്റെ ടീമിന്റെ വിജയമെന്നും ഫിലാൻഡർ പറഞ്ഞു.

”വിരാട് കോഹ്‌ലി നല്ല ക്വാളിറ്റിയുളള കളിക്കാരനാണ്. അദ്ദേഹത്തെ ശാന്തനാക്കി നിർത്തുകയാണ് പ്രധാനം. അതായിരുന്നു ആദ്യം ഉറപ്പ് വരുത്തിയത്. അതിനുവേണ്ടി രണ്ടര ഓവറുകൾ പേസർമാരെക്കൊണ്ട് എറിഞ്ഞു. ഒരേ രീതിയിൽ ബോൾ ചെയ്തു. ഇത് കോഹ്‌ലിയെ ശാന്തനാക്കി നിർത്താൻ ലക്ഷ്യമിട്ടായിരുന്നു. ഇങ്ങനെ തുടർച്ചയായി ഒരേ രീതിയിൽ ബോളുകൾ വരുമ്പോൾ അടുത്ത ബോൾ ബോൾ നേരിടാൻ കോഹ്‌ലി ബാറ്റിങ് ശൈലി മാറ്റുമെന്ന് അറിയാമായിരുന്നു. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. എന്റെ തന്ത്രം ഫലിച്ചു. കോഹ്‌ലി പുറത്തായി.”

വിക്കറ്റ് വീഴ്ത്തിയതിനുശേഷം കോഹ്‌ലിയോട് എന്തെങ്കിലും പറഞ്ഞോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഫിലാൻഡറിന്റെ മറുപടി. ”ഞാനൊന്നും പറഞ്ഞില്ല. ശരിക്കും സന്തോഷം നൽകിയ നിമിഷമായിരുന്നു അത്. എന്റെ സന്തോഷം ഞാനെന്റെ സഹതാരങ്ങൾക്കൊപ്പം പങ്കുവയ്ക്കുകയാണ് ചെയ്തത്. വിരാടിന്റേതാണ് ബിഗ് വിക്കറ്റെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ശരിയായ സമയത്ത് എനിക്കത് നേടാനായി. ആ സന്തോഷം ടീം അംഗങ്ങളുമായി ഞാൻ പങ്കുവച്ചു”.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയർത്തി 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 137 റൺസിന് പുറത്തായി. ബാറ്റിങ്ങ് നിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. 72 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ