ദോഹ: ഖത്തറിൽ 2022ൽ നടക്കുന്ന ലോകകപ്പിന് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങും. ഏഷ്യൻ യോഗ്യത രണ്ടാം റൗണ്ട് മത്സരങ്ങളിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ തന്നെയാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള രാജ്യമാണ് ഖത്തർ. എതിരാളികൾ ശക്തരാണെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയും പ്രതീക്ഷിക്കുന്നില്ല. ഒമാനെതിരെ അവസാന നിമിഷം ജയം കൈവിട്ടത് പോലൊരു അബദ്ധം ഇനിയും ആവർത്തിച്ചുകൂട.
നായകൻ സുനിൽ ഛേത്രിയുടെ പരുക്ക് ഇന്ത്യക്ക് വെല്ലുവിളിയാണ്. പരുക്ക് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നില്ലെങ്കിലും ദോഹയിലെ പരിശീലനത്തിന് താരം ഇറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ നിർണായക മത്സരത്തിൽ താരം പുറത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകർ.
Also Read: പടിക്കല്‍ കലമുടച്ച് ഇന്ത്യ; ഒന്നാം പകുതിയിലെ ലീഡിന് അവസാന നിമിഷം ഒമാന്റെ തിരിച്ചടി
ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഖത്തറിനെ വീഴ്ത്താൻ, വിയർപ്പൊഴുക്കേണ്ടി വരും. റാങ്കിങ്ങിൽ 62-ാം സ്ഥാനക്കാരാണ് ഖത്തർ. ആതിഥേയരെന്ന നിലയിൽ യോഗ്യത ഉറപ്പിച്ച് കഴിഞ്ഞ ഖത്തർ ഏഷ്യൻ കപ്പ് കൂടി മുന്നിൽ കണ്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണ് ഖത്തർ. ആദ്യ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ 6-0ന് ആണ് ഖത്തർ തകർത്തത്. കഴിഞ്ഞ കുറേ നാളുകളായി ഫുട്ബോളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഖത്തർ കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഒമാൻ, ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട് മത്സരങ്ങൾ വീതമാണ് ഓരോ രാജ്യങ്ങളും കളിക്കുന്നത്.
ഒമാനെതിരെ 2-1 നായിരുന്നു ഇന്ത്യയുടെ പരാജയം. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഒമാന്‍ അവസാന നിമിഷാണ് വിജയ ഗോള്‍ നേടിയത്. നായകന് സുനില്‍ ഛേത്രിയുടെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. കളിയുടെ 24-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍ പിറന്നത്.
Also Read: പി.യു.ചിത്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്; ഇന്ത്യൻ ടീമിൽ 12 മലയാളികൾ
എന്നാല്‍ രണ്ടാം പകുതിയില്‍ ഒമാന്‍ സട കുടഞ്ഞെഴുന്നേറ്റു. ഒമാന്‍ വാശിയോടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ പിറക്കാന്‍ വൈകി. 82-ാം മിനിറ്റിലായിരുന്നു റാബിയ അലാവി അല്‍ മന്ദര്‍ സമനില ഗോള്‍ നേടുന്നത്. ഗോളിയുടെ തലയ്ക്ക് മുകളിലൂടെയായിരുന്നു റാബിയുടെ ഗോള്‍. അധികം നേരം വേണ്ടി വന്നില്ല ഒമാന്‍ രണ്ടാം ഗോള്‍ നേടാന്‍. മന്ദാര് തന്നെ 89-ാം മിനിറ്റില്‍ ആ കര്‍ത്തവ്യം നിർവഹിച്ചു.
ക്രൊയേഷ്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യന്‍ സംഘം ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ സാന്നിധ്യം. ഡിഫൻഡർ അനസ് എടത്തൊടിക, മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ്, വിങർ ആഷിഖ് കുരുണിയൻ എന്നിവർ നീലകുപ്പായത്തിൽ ഇന്ന് കളിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ മകച്ച പ്രകടനം ആഷിഖ് പുറത്തെടുത്തിരുന്നു. സഹൽ അബദുൾ സമദ് പകരക്കാരനായാണ് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയത്. ഖത്തറിനെതിരെ തുടക്കം മുതൽ സഹലിനെയും പ്രതീക്ഷിക്കാം.