ഓക്‌ലൻഡ്: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ദുർബലരായ പപ്പുവ ന്യൂഗിനിയെയാണ് ഇന്ത്യ തകർത്തത്. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ ഉറപ്പിച്ചു.

ടോസ് നേടി പപ്പുവ ന്യൂഗിനിയെ ബാറ്റിങ്ങിന് അയച്ച പൃഥ്വി ഷായുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബോളർമാർ കാഴ്ചവച്ചത്. കേവലം 64 റൺസിന് പപ്പുവ ന്യൂഗിനിയെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ കരുത്ത് കാട്ടി. 21.5 ഓവറിലാണ് പപ്പുവ ന്യൂഗിനി ഓൾഔട്ട് ആയത്.

ഇന്ത്യക്കായി ഇടങ്കയ്യൻ സ്പിന്നർ അനുകൂൽ റോയി 5 വിക്കറ്റ് വീഴ്ത്തി. 7 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് അനുകൂൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ശിവം മാവി 2 വിക്കറ്റും, നാഗർകോട്ടി, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പപ്പുന ന്യൂഗിനി നിരയിൽ 3 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്.