ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഒഴിവാക്കണമെന്ന വാദം തള്ളിയേക്കും. നിലവിൽ ബിസിസിഐയോ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സോ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തട്ടില്ല. ഈ ആവശ്യം ഐസിസിയുടെ മുന്നിൽ വച്ചാലും ഐസിസി അധികൃതർ അത് തള്ളാനുള്ള സാധ്യത വളരെ കൂടുതലാണ്.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യൻ ആരാധകരും രാഷ്ട്രീയ നേതാക്കളും ഉന്നയിച്ചത്. 40 സിആർപിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

നേരത്തെ ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിന് എത്താൻ പാക്കിസ്ഥാൻ താരങ്ങൾക്ക് അനുമതി നിശേധിച്ചിരുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ലോകകപ്പിനെത്തേണ്ടിയിരുന്ന പാക്കിസ്ഥാൻ താരങ്ങൾക്കാണ് വിസ അനുമധി നിഷേധിച്ചത്.

ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന തരത്തിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരക്രമം. ജൂൺ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. ഇത് ബഹിഷ്കരിക്കണമെന്നാണ് പ്രധാന ആവശ്യവും. ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ദുബായിൽ നടക്കുന്ന ഐസിസി മീറ്റിങ്ങിൽ ഇത് ചർച്ചയാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

എന്നാൽ അതിൽ ഈ ആവശ്യം ഐസിസി അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് ബിസിസിഐ അധികൃതർ തന്നെ പറയുന്നത്. “അത്തരത്തിൽ സംഭവിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. അതിന് ഭരണഘടനപരമായ സാധ്യതകളും കരാർ സാധ്യതകളും ഇല്ല. യോഗ്യത നേടുന്നിടത്തോളം ഐസിസി ഇവന്റുകളിൽ പങ്കെടുക്കാൻ അംഗ രാജ്യങ്ങൾക്ക് സാധിക്കുന്നതാണ് നിലവിലെ ഐസിസി ഭരണഘടന,” ബിസിസിഐ മുതിർന്ന അംഗം പറഞ്ഞു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ ഭരണ പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ ചേരുന്ന യോഗത്തിൽ പാക്കിസ്ഥാനുമായുള്ള മത്സര ബഹിഷ്കരണവും ചർച്ചയാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. നാളത്തെ യോഗത്തിന് ശേഷം ശരിയായ തീരുമാനത്തിലെത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സിഒഎ അംഗവുമായ ഡയാന എഡൾജി വ്യക്തമാക്കി കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook