ദുബായ്: ടോസ് ഇട്ടപ്പോൾ ജയിച്ചത് പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദായിരുന്നു. എന്നാൽ അവിടെ തീർന്നു ഇന്നലത്തെ മത്സരത്തിൽ പാക്കിസ്ഥാന് അനുകൂലമായ എല്ലാം. പിന്നീടങ്ങോട്ട് മത്സരത്തിൽ സർവ്വാധിപത്യമാണ് ഇന്ത്യ കാഴ്ചവച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ പോലും തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
മത്സരത്തിൽ തന്റെ കരിയറിലെ 19-ാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. എന്നാൽ കരിയറിൽ തന്റെ നായക കിരീടത്തിൽ അടക്കം ഒരു പിടി നേട്ടങ്ങളാണ് ഹിറ്റ്മാൻ ഈ ഒരൊറ്റ മത്സരത്തിലൂടെ തുന്നിച്ചേർത്തത്.
പാക്കിസ്ഥാനെതിരെ രോഹിത് ശർമ്മയുടെ ആദ്യത്തെ സെഞ്ചുറിയായിരുന്നു ഇന്നലത്തെ അപരാജിത ഇന്നിങ്സ്. 111 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത് ശർമ്മ, ദുബായ് സ്റ്റേഡിയത്തിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.
ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മയുടെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇന്നലത്തേത്. പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ ആയി 111 നോട്ടൗട്ട്. ഈ കുതിപ്പിൽ പിന്നിലാക്കിയതാകട്ടെ മുഹമ്മദ് അസ്‌ഹറുദ്ദീനെയും സച്ചിൻ തെൻഡുൽക്കറെയും. ഇനി രോഹിത് ശർമ്മയ്ക്ക് മുന്നിലുളളത് മഹേന്ദ്ര സിങ് ധോണി കുറിച്ച 113 നോട്ടൗട്ടാണ്.
കരിയറിൽ ഓപ്പണിങ് ബാറ്റ്സ്‌മാൻ എന്ന നിലയിൽ 5000 റൺസ് എന്ന നാഴികക്കല്ലും രോഹിത് ശർമ്മ പിന്നിട്ടു. ഇന്ത്യൻ ബാറ്റ്സ്‌മാന്മാരിൽ ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ഓപ്പണിങ് ബാറ്റ്സ്‌മാനായി അദ്ദേഹം മാറി. കരിയറിൽ ഏഴായിരം റൺസും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടു. ഏകദിനത്തിൽ അതിവേഗം 7000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി അദ്ദേഹം മാറുകയും ചെയ്തു.
“ഒന്നും എളുപ്പമല്ല. ഇന്ന് കളിച്ച ഷോട്ട്‌സുകൾ കളിക്കാൻ ഞാൻ കുറേയധികം കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. ബോളർമാർക്ക് മേൽ സമ്മർദ്ദം അടിച്ചേൽപ്പിക്കുക എന്നതാണ് ക്രിക്കറ്റിൽ പ്രധാനം. പാക്കിസ്ഥാനാണ് ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ബോളർമാരുളള രാജ്യങ്ങളിൽ ഒന്ന്,” മത്സര ശേഷം രോഹിത് ശർമ്മ പറഞ്ഞു.