scorecardresearch

Latest News

ഏഷ്യാ കപ്പ് ടി20; പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യൻ പെൺപുലികൾ

ഏഴ് വിക്കറ്റ് വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിച്ചു

ക്വാലാലം‌പൂർ: ഏഷ്യാ കപ്പ് ടി 20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യൻ വനിതകളുടെ തകർപ്പൻ പ്രകടനം. ടോസ് നേടി ബാറ്റിംഗിനിറങ്ങി പാക്കിസ്ഥാനെ വെറും 78 റൺസിന് എറിഞ്ഞിട്ട ഇന്ത്യൻ വനിതകൾ, രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ടു.

ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ നൈൻ ആബിദിയെ മടക്കി ശിഖ പാണ്ഡെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് വന്ന മൂന്ന് ബാറ്റ്സ്‌മാന്മാരും രണ്ടക്കം കാണാതെ പുറത്തായി.

ഒരറ്റത്ത് പിടിച്ച് നിന്ന നാഹിദ ഖാൻ 27 പന്തിൽ 18 റൺസ് നേടി. രണ്ട് ബൗണ്ടറികൾ നേടിയ നാഹിദ ഖാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നാലാമത് നഷ്ടമായത്.

പുറത്താകാതെ നിന്ന സന മിർ(38 പന്തിൽ 20) നടത്തിയ പ്രതിരോധമാണ് പാക് സ്കോർ 50 കടത്തിയത്.

എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് പാക്കിസ്ഥാൻ ബോളിങ് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ മിതാലിയെ പൂജ്യത്തിന് മടക്കി ആനം ആമിൻ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെയെത്തിയ ദീപ്‌തി ശർമ്മ നേരിട്ട രണ്ടാം പന്തിൽ റണ്ണൊന്നും നേടാതെ പുറത്തായി. ബിസ്‌മാ മഹ്റൂഫിന് ക്യാച്ച് നൽകിയായിരുന്നു മടക്കം.

എന്നാൽ സ്‌മൃതി മന്ദാനയും (40 പന്തിൽ 38), ഹർമൻപ്രീത് കൗറും (49 പന്തിൽ 34) മൂന്നാം വിക്കറ്റിൽ ഉണ്ടാക്കിയ 65 റൺസ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയം ഉറപ്പിച്ചു. എന്നാൽ വിജയത്തിന് തൊട്ടരികെ ഇന്ത്യക്ക് സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടമായി.

നഷ്റ സന്ധുവിന്റെ പന്തിൽ ബിസ്‌മാ മഹ്റൂഫിന് ക്യാച്ച് നൽകിയാണ് മന്ദാന മടങ്ങിയത്. എന്നാൽ പൂനം യാദവിനെ സാക്ഷിയാക്കി ഹർമൻപ്രീത് കൗർ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 16.1 ഓവറിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

ഇന്ത്യക്ക് വേണ്ടി ഏക്‌ത ബിസ്‌ത നാലോവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അനുജ പാട്ടിൽ, ശിഖ പാണ്ഡെ, പൂനം യാദവ്, ദീപ്‌തി ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs pakistan india beat pakistan by 7 wickets to reach womens asia cup final