ലണ്ടൻ: ഇംഗ്ലണ്ടിൽ നടക്കുന്ന വനിത ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. മൂന്നാം മത്സരത്തിനിറങ്ങിയ ടീം ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡർബിയിലെ കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം.

ലോകകപ്പിൽ ആദ്യ രണ്ട് മത്സരത്തിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം മത്സരത്തിൽ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്റീസിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അതേസമയം മൂന്നാം മത്സരത്തിനിറങ്ങുന്ന പാക്കിസ്ഥാന് ടൂർണ്ണമെന്റിൽ ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല.

വെസ്റ്റ് ഇന്റീസിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട പാക്കിസ്ഥാൻ ആദ്യ ജയം തേടിയിറങ്ങുമ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യയുടെ ശ്രമം.

വനിത ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതുവരെ പാക്കിസ്ഥാനോട് ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഈ ചരിത്രം ആവർത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോം ആണ് ഇന്ത്യയുടെ കുന്തമുന. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 90 റൺസും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്റീസിനെതിരെ 106 റൺസും നേടിയാണ് താരം ടീമിനെ വിജയതീരത്ത് എത്തിച്ചത്.

ശക്തമായ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഇന്ത്യൻ സ്പിൻ നിരയും ശക്തമാണ്. അതേസമയം മൂന്നാം മത്സരത്തിൽ ഇന്ത്യൻ നിരയിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാൻസി ജോഷിക്ക് പകരം ശിഖ പാണ്ഡെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ നിരയിൽ ഇറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ