ന്യൂഡൽഹി: വനിത ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. തുടർച്ചയായി മൂന്ന് മത്സരത്തിലും വിജയം നേടിയതോടെ വനിത ലോകകപ്പിന്റെ സെമിയിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

പാക്കിസ്ഥാനെതിരായ മൂന്നാം മത്സരം ഇന്ത്യൻ ബൗളിംഗ് നിരയുടെ മൂർച്ചയാണ് തെളിയിച്ചത്. പാക്കിസ്ഥാന്റെ ദുർബലരായ ടീമിനെ ഏക്ത ബിഷ്തയാണ് ഇന്ത്യയ്ക്ക് വേണ്ടി എറിഞ്ഞിട്ടത്. ഇന്ത്യ ഉയർത്തിയ 169 എന്ന സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ പാക്കിസ്ഥാൻ വെറും 79 റണ്ണിന് എല്ലാവരും പുറത്തായി.

താരതമ്യേന ചെറിയ സ്കോർ ആയിട്ടും പോരാട്ടവീര്യം ഒട്ടും ചോരാതെ പന്തെറിഞ്ഞ ഇന്ത്യൻ വനിതകളെ ഇപ്പോൾ പ്രശംസ കൊണ്ട് സമൂഹ മാധ്യമങ്ങൾ വാഴ്ത്തുകയാണ്. ശത്രുരാജ്യത്തിനെതിരായ വിജയം മുഴുവൻ ഇന്ത്യയ്ക്കും അഭിമാനമായി മാറി. ഇന്ത്യയിലെ താരലോകം ഒന്നടങ്കം വനിതാ ടീമിന് ആശംസകളുമായെത്തി.

ഇന്ത്യയുടെ ബിഗ് ബി, അമിതാഭ് ബച്ചൻ തന്നെയാണ് പ്രശംസിച്ചവരിലെ ഏറ്റവും പ്രധാന താരം. ഇന്ത്യൻ ടീമിനെ വിജയത്തിൽ അബിനന്ദിച്ച ബച്ചൻ “ഇനിയും മഹത്തരമായ വിജയങ്ങൾ ഇന്ത്യ കൈവരിക്കട്ടെ” എന്ന് ആസംശിച്ചു.

സോനാക്ഷി സിൻഹ, വരുൺ ധവാൻ, അർജുൻ കപൂർ തുടങ്ങിയ താരങ്ങളും തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി ഇന്ത്യൻ വനിത ടീമിനെ ആശംസിച്ചിട്ടുണ്ട്.