ചിരവൈരികളായ പാക്കിസ്ഥാന് എതിരായ വിജയം ക്യാൻസർ രോഗികൾക്കായി സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ യുവരാജ് സിങ്ങ്. ഈ ജയം ക്യാൻസറിനോട് പോരുതുന്നവർക്കും , രോഗത്തെ തോൽപ്പിച്ചവർക്കും സമർപ്പിക്കുന്നതായി യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു. ലണ്ടൻ ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് തന്റെ പ്രാർഥന ഉണ്ടാകുമെന്നും യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. പാക്കിസ്ഥാന് എതിരായ മത്സരത്തിന് ശേഷമാണ് യുവരാജ് സിങ്ങ് ഈ സന്ദേശം ട്വിറ്ററിൽ കുറിച്ചത്. മാൻഓഫ് ദ മാച്ച് ട്രോഫിയും പിടിച്ചു നിൽക്കുന്ന ചിത്രവും യുവി പങ്ക്‌വെച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 124 റൺസിനാണ് ഇന്ത്യ തകർത്തത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനാണ് ഇന്ത്യയുടെ വിജയം. മഴമൂലം പുതിക്കി നിശ്ചയിച്ച 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ ഇന്ത്യ വിലപ്പെട്ട 2 പോയിന്റ് സ്വന്തമാക്കി.

യുവരാജ് സിങ്ങിന്റെ തകർപ്പൻ ഇന്നിങ്ങ്സായിരുന്നു​ പാക്കിസ്ഥാന് എതിരെ ഇന്ത്യൻ സ്കോർ 300 കടത്തിയത്. 32 പന്തിൽ 53 റൺസാണ് യുവി നേടിയത്. 8 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിങ്ങ്സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ