ബർമിങ്ങ്ഹാം: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിര വൈരികളായ പാകിസ്താനെതിരായ മത്സരത്തില്‍ യുവരാജ് സിങിന്റെ തകർപ്പൻ പ്രകടനത്തിന് മുന്നില്‍ താന്‍ നിഷ്പ്രഭനായി മാറിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. യുവരാജ് കത്തിക്കയറിയപ്പോള്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന ഒരു ബാറ്റ്സ്മാനായി താൻ മാറിയെന്ന് കൊഹ്‌ലി പറഞ്ഞു.

‘മത്സരഗതി മാറ്റിമറിച്ച ഇന്നിങ്സായിരുന്നു യുവിയുടേത്. എന്നിലുണ്ടായിരുന്ന സകല സമ്മര്‍ദങ്ങളും ഇല്ലാതാക്കുന്ന കളിയാണ് യുവരാജ് പുറത്തെടുത്തത്. കൂടുതല്‍ കരുത്തോടെ ആക്രമിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു തന്ന ഇന്നിങ്സായിരുന്നു അത്. ലോ ഫൂള്‍ടോസുകളെ ബൌണ്ടറിയിലേക്കും കാണികള്‍ക്കിടയിലേക്കും പായിച്ച് യോര്‍ക്കറുകളില്‍ പോലും ബൌണ്ടറികള്‍ കണ്ടെത്തി യുവിക്ക് മാത്രം കാഴ്ചവയ്ക്കാവുന്ന ഒരു ഇന്നിങ്സ്. യുവിയുടെ ആ പ്രകടനമാണ് പാകിസ്താനെ തകിടം മറിച്ചതെന്നാണ് എന്‍റെ വിലയിരുത്തല്‍’ കൊഹ്‌ലി വ്യക്തമാക്കുന്നു.

Getty Images

തന്റെ ബാറ്റിങ്ങിനും താളം കണ്ടത്താന്‍ യുവരാജിന്റെ പ്രകടനം സഹായകരമായെന്നും കൊഹ്ലി സാക്ഷ്യപ്പെടുത്തി.എന്തുകൊണ്ടാണ് യുവി ടീമിലിടം നേടിയതെന്നതിനുള്ള ഉത്തരമാണ് കളിഗതി മാറ്റി മറിച്ച ഇന്നിങ്ങ്സ് എന്നും കൊഹ്ലി അഭിപ്രായപ്പെട്ടു. അവശേഷിക്കുന്ന മത്സരങ്ങളില്‍ യുവിയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.

എട്ട് ഫോറുകളും ഒരു സിക്സും അടക്കം 31 പന്തിൽ 53 റൺസാണ് യുവി മത്സരത്തിൽ അടിച്ചെടുത്തത്. യുവരാജ് അടക്കം നാലു ഇന്ത്യൻ താരങ്ങളാണ് മത്സരത്തിൽ അർധസെഞ്ച്വറി നേടിയത്. 124 റൺസിനായിരുന്നു പാക്​പടക്കെതിരെ ഇന്ത്യൻ ജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ