ഐസിസി ചാംപ്യൻസ് ട്രോഫി സ്വന്തമാക്കുന്ന ടീം ഏതാണെന്ന് അറിയാൻ ഏവരും കാത്തിരിക്കുകയാണ്. ലണ്ടനിലെ ഓവലിൽ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ പോരാട്ടത്തിൽ ആരു ജയിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ടീം ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് നിരവധി ബോളിവുഡ് താരങ്ങളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരിൽതന്നെ ബോളിവുഡിന്റെ കിങ് ഖാൻ കളി കാണാനായി ലണ്ടനിൽ എത്തിയിട്ടുമുണ്ട്. കളി കാണുക മാത്രമല്ല കുറച്ചുനേരത്തേക്ക് ഷാരൂഖ് കമന്റേറ്ററുമായി.

മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗിനും ആകാശ് ചോപ്രയ്ക്കും ഒപ്പമാണ് ഷാരൂഖ് കമന്ററി ബോക്സിലിരുന്നത്. കമന്ററി ചെയ്യുന്നതിനൊപ്പംതന്നെ തന്റെ ചെറുപ്പകാലത്തെ ക്രിക്കറ്റ് ഓർമകളും ഷാരൂഖ് പങ്കുവച്ചു. ബാറ്റ്സ്മാനെക്കാളും വിക്കറ്റ് കീപ്പറായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്ന് ഷാരൂഖ് ഓർത്തെടുത്തു.

10-ാം ഓവറിനു മുൻപായാണ് ഷാരൂഖ് കമന്ററി ചെയ്തത്. കമന്ററി ബോക്സിൽനിന്നും പുറത്തിറങ്ങുന്നതിനു മുൻപായി ചെറിയൊരു തമാശയും ഉണ്ടായി. 10-ാം ഓവർ വരെ പാക്കിസ്ഥാന്റെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്കായില്ല. ഇതേത്തുടർന്ന് ഷാരൂഖും സെവാഗും പരസ്പരം സീറ്റ് മാറി ഇരുന്നു. അങ്ങനെയെങ്കിലും വിക്കറ്റ് വീഴട്ടെയെന്നായിരുന്നു ഇരുവരും ചിന്തിച്ചത്. പക്ഷേ അതു ഫലം കണ്ടില്ലെന്നതാണ് സത്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook