ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ -പാക്കിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്. ഓഗസ്റ്റ് 28 ന് നടക്കുന്ന മത്സരത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നതായാണ് റിപോര്‍ട്ട്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ആകെ ശേഷി 25000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ്, എന്നാല്‍ ടിക്കറ്റ് വാങ്ങുന്നതിന് 75000 പേര് ഓണ്‍ലൈന്‍ ക്യൂവില്‍ ഉണ്ടായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് തകരുന്നത് തടയാനും ട്രാഫിക് നിയന്ത്രിക്കാന്‍ ആറ് മുതല്‍ 40 മിനിറ്റ് വരെ ക്യൂ നില്‍ക്കാനും വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 15 ന് വില്‍പ്പന ആരംഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അതിനിടെ നേരത്തേ ടിക്കറ്റുകള്‍ വാങ്ങിവച്ച ചിലര്‍ ടിക്കറ്റ് മറിച്ചുവില്‍ക്കുന്നതായി ഖലീജ് ടൈംസ് റിപോര്‍ട്ട് പറഞ്ഞു. നേരത്തേ ടിക്കറ്റുകള്‍ സ്വന്തമാക്കിയവരില്‍ ചിലര്‍ കൂടിയ വിലയ്ക്കു ഇവ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു.
എന്നാല്‍ മറിച്ചു വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് മൂല്യമുണ്ടാകില്ലെന്നും പ്ലാറ്റിനം ലിസ്റ്റ് അറിയിച്ചു. ഇത്തരം ടിക്കറ്റുകള്‍ റദ്ദാക്കുമെന്നാണ് അധികൃതരുടെ നിലപാട്. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന സമയത്ത് ഫോട്ടോ ഐഡി പ്രൂഫ് നല്കാന് ആവശ്യപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളോട് അവരുടെ മുഴുവന്‍ പേരും വിലാസവും നല്കാന് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും ഏറെ ആരാധക പിന്തുണയുള്ളയേറെയുള്ള മത്സരങ്ങളാണ്. ഒക്ടോബര്‍ 23 ന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഇരു ടീമുകളും തമ്മിലുള്ള വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2022 ഗ്രൂപ്പ് മത്സരത്തിന്റെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് റിപോര്‍ട്ട്.