/indian-express-malayalam/media/media_files/uploads/2023/09/Rain-IND-vs-PAK.jpg)
Photo: Facebook/ Indian Cricket Team
India vs Pakistan Asia Cup 2023 Live: ഏഷ്യ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് പുറത്തായിരുന്നു. ഹാര്‍ദിക്ക് പാണ്ഡ്യ (87), ഇഷാന്‍ കിഷന്‍ (82) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രിദി നാലും ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റും നേടി.
മത്സരത്തിന്റെ തുടക്കത്തില്‍ പാക്കിസ്ഥാന്‍ ബോളര്‍മാരെ കരുതലോടെയാണ് രോഹിതും ഗില്ലും നേരിട്ടത്. ഷഹീനിന്റേയും നസീം ഷായുടേയും തന്ത്രങ്ങള്‍ക്ക് രോഹിത് പ്രതിരോധം തീര്‍ത്തു. എന്നാല്‍ മഴ മൂലം കളി തടസപ്പെട്ടതിന് ശേഷം ക്രീസിലെത്തിയ രോഹിതിന് പിഴച്ചു. അഫ്രിദിയുടെ പന്ത് രോഹിതിന്റെ സ്റ്റമ്പുകള്‍ തെറിപ്പിക്കുകയായിരുന്നു (15-1).
മൂന്നാമനായി എത്തിയ കോഹ്ലിയും തുടക്കം മികച്ചതാക്കി. നസീം ഷായുടെ പന്തില്‍ ബൗണ്ടറി പായിച്ചാണ് താരം അക്കൗണ്ട് തുറന്നത്. എന്നാല്‍ അഫ്രിദിയുടെ പേസിന് മുന്നില്‍ കോഹ്ലിയും കീഴടങ്ങുകയായിരുന്നു. ഇന്‍സൈഡ് എഡ്ജില്‍ കോഹ്ലി ബൗള്‍ഡായി (27-2). ഇന്ത്യയുടെ മുന്‍നിര ഒരിക്കല്‍ കൂടി പാക്കിസ്ഥാന് മുന്നില്‍ പതറി.
പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ പാക് ബൗളര്‍മാരെ കടന്നാക്രമിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ക്രീസില്‍ തുടരാനായില്ല. ഒൻപത് പന്തില്‍ 14 റണ്‍സെടുത്ത ശ്രേയസ് ഹാരിസ് റൗഫിന്റെ പന്തില്‍ ബാബര്‍ അസമിന്റെ കൈകളില്‍ ഒതുങ്ങി. ഇതോടെ 48-3 എന്ന നിലയിലേക്ക് ഇന്ത്യ വീണു.
പിന്നീട് ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഹാരിസ് റൗഫ് വില്ലനായെത്തി. തുടക്കം മുതലുള്ള ഗില്ലിന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് റൗഫ് നാലാം വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 10 റണ്‍സെടുത്ത ഗില്ലും ബൗള്‍ഡാവുകയായിരുന്നു (66-4).
ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുക എന്ന ഉത്തരവാദിത്തം യുവതാരം ഇഷാന്‍ കിഷനും ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഏറ്റെടുക്കുകയായിരുന്നു. റണ്‍റേറ്റ് കുറയാതെ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികളും കണ്ടെത്തിയായിരുന്നു സഖ്യം ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. ഇഷാന്‍ റണ്ണൊഴുക്കിന് വേഗം കൂട്ടിയപ്പോള്‍ ഹാര്‍ദിക്ക് മികച്ച പിന്തുണ നല്‍കി.
138 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ശേഷം ഇഷാനും ഹാര്‍ദിക്കും സ്കോറിന്റെ വേഗം വര്‍ധിപ്പിച്ചതോടെ പാക്കിസ്ഥാന് സമ്മര്‍ദത്തിലായി. എന്നാല്‍ കളി കൈവിടും മുന്‍പ് ഇഷാനെ റൗഫ് വീഴ്ത്തി. 81 പന്തില്‍ ഒൻപത് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 82 റണ്‍സെടുത്താണ് ഇഷാന്‍ മടങ്ങിയത് (204-5).
ഇഷാന്‍ മടങ്ങിയതിന് ശേഷം ഹാര്‍ദിക്കിന്റെ ചുമലിലായിരുന്നു ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തം. എന്നാല്‍ ഏഴ് ഓവര്‍ മുന്നില്‍ നില്‍ക്കെ ഹാര്‍ദിക്കിനെ ഷഹീന്‍ അഫ്രിദി അഖ സല്‍മാന്റെ കൈകളിലെത്തിച്ചു. 90 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പടെ 87 റണ്‍സെടുത്തായിരുന്നു ഹാര്‍ദിക്ക് കളം വിട്ടത് (239-6).
ഹാര്‍ദിക്കിനെ പുറത്താക്കിയ ഓവറിലെ അവസാന പന്തില്‍ ജഡേജയും അഫ്രിദിക്ക് മുന്നില്‍ കീഴടങ്ങി. റിസ്വാന് ക്യാച്ച് നല്‍കിയാണ് ജഡേജ (14) പുറത്തായത് (242-7). അടുത്ത ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ ശാര്‍ദൂല്‍ താക്കൂറിനെ (3) മടക്കി അയച്ച് നസീം ഷാ തന്റെ ആദ്യ വിക്കറ്റ് നേടി (242-8).
അവസാന ഓവറുകളില്‍ ജസ്പ്രിത് ബുംറ (16), കുല്‍ദീപ് യാദവ് (4), മുഹമ്മദ് സിറാജ് (1*) എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 266-ലെത്തിച്ചത്. ബുറയേയും കുല്‍ദീപിനേയും നസീം ഷായാണ് പുറത്താക്കിയത്.
ടീം- ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (ഡബ്ല്യു), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
പാകിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം(സി), മുഹമ്മദ് റിസ്വാന്‍(ഡബ്ല്യു), ആഘ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us