ഹാമിൾട്ടൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 92 റൺസിന് പുറത്തായി. കഴിഞ്ഞ മത്സരത്തിൽ കരുത്ത് കാട്ടിയ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയായിരുന്നു ഹാമിൾട്ടണിൽ കണ്ടത്. നാല് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി.

സാവധാനം സ്കോറിങ് ആരംഭിച്ച ഇന്ത്യക്ക് ടീം സ്കോർ 21 ൽ നിൽക്കെ ഓപ്പണർ ശിഖർ ധവാനെ നഷ്ടമായി. പിന്നാലെ തന്നെ രോഹിത് ശർമ്മയും മടങ്ങി. അക്കൗണ്ട് തുറക്കാതെയായിരുന്നു ദിനേശ് കാർത്തിക്കും അമ്പാട്ടി റായിഡുവും ക്രീസ് വിട്ടത്. അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗിൽ ഒമ്പത് റൺസിന് പുറത്തായി.

ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ ഹാർദിക് പാണ്ഡ്യയും മടങ്ങിയതോടെ ഇന്ത്യ വൻതകർച്ച മുന്നിൽ കണ്ടു. ഒരു റൺസുമായി ഭുവനേശ്വർ കുമാറും മടങ്ങി. എന്നാൽ വാലറ്റത്ത് കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും കാര്യമായ സംഭാവന നൽകാനായില്ല. ഖലീൽ അഹമ്മദ് വീണപ്പോൾ ഇന്ത്യൻ സ്കോറിങ് 92 റൺസിൽ അവസാനിച്ചു.

ടോസ് നേടിയ ന്യൂസിലൻഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആശ്വാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ആഥിതേയർക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

കോഹ്‍ലിക്ക് പകരം രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം ശുഭ്മാൻ ഗിൽ സ്ഥാനം കണ്ടെത്തി. ശുഭ്മാന്റെ അരങ്ങേറ്റ മത്സരമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിൽ കളിച്ച മുഹമ്മദ് ഷമിക്ക് പകരം ഖലീൽ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ധോണി ടീമിലേക്ക് തിരിച്ചെത്തിയില്ല.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ