ന്യൂഡല്‍ഹി: ന്യൂസിലെന്റിനെതിരായ ട്വന്റി 20 മത്സരത്തിനിടെ വാക്കി ടോക്കി ഉപയോഗിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇത് ഐസിസിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മത്സരത്തിനിടെ ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വാതുവെപ്പിന് ഇടയാക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഡിവൈസുകള്‍ വിലക്കിയിരുന്നു.

ഡ്രസ്സിംഗ് റൂമില്‍ മൊബൈല്‍ ഫോണുകളും ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഡ്രസിംഗ് റൂം പരിസരത്തും വിശ്രമ സ്ഥലത്തും വാക്കി ടോക്കി ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഐസിസിയുടെ 4.3.1 ചട്ടം അനുസരിച്ച് മെഡിക്കല്‍ സഹായത്തിനും തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനും വാക്കി ടോക്കി പോലെയുളള ഫ്രീക്വന്‍സി കുറവുളള ഉപകരണങ്ങള്‍ ഉപയോഗിക്കാം.

ഫിറോസ് ഷാ കോട്ട്‍ലയില്‍ കോഹ്ലിക്ക് വാക്കി ടോക്കി ഉപയോഗിക്കാന്‍ ഐസിസിയുടെ അഴിമതി വിരുദ്ധ മാനേജ്മെന്റ് അനുമതി നല്‍കിയതായി ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ന്യൂസിലന്റിനെ ഇന്ത്യ 53 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്.

ആശിഷ് നെഹ്റയുടെ വിടവാങ്ങൽ മത്സരത്തിൽ ആധികാരികമായാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 8/148 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റെടുത്ത ഇന്ത്യ പ്രതീക്ഷകൾ തെറ്റിച്ചില്ല. ആദ്യ 6 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 46 റൺസാണ് ഓപ്പണർമാർ അടിച്ച് കൂട്ടിയത്. എന്നാൽ പിന്നീട് രൗദ്രഭാവം പൂണ്ട രോഹിത്ത് ശർമ്മയും – ശിഖർ ധവാനും കിവീസ് ബൗളർമാരെ കടന്നാക്രമിച്ചു. അർധസെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയും ശിഖർ ധവാനും ആദ്യ വിക്കറ്റിൽ 158 റൺസാണ് അടിച്ചുകൂട്ടിയത്.

55 പന്ത് നേരിട്ട രോഹിത്ത് ശർമ്മ 6 ഫോറും 4 സിക്സറുകളും ഉൾപ്പടെ 80 റൺസാണ് നേടിയത്. 52 പന്ത് നേരിട്ട ശിഖർ ധവാൻ 80 റൺസും അടിച്ചുകൂട്ടി. 10 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്ങ്സ്. 11 പന്തിൽ 29 റൺസും നേടി വിരാട് കോഹ്‌ലി ഇന്ത്യൻ സ്കോർ 202 ൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് ഒരിക്കൽപ്പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. രണ്ടാം ഓവറിൽത്തന്നെ മാർട്ടിൻ ഗുപ്റ്റിലിനെ മടക്കി ചാഹൽ ന്യൂസിലാൻഡിന് ആദ്യ പ്രഹരം നൽകി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ന്യൂസിലാൻഡിന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 28 റൺസ് എടുത്ത കെയിൻ വില്യംണിന്രെ വിക്കറ്റ് ഹർദ്ദിക് പാണ്ഡ്യയാണ് പിഴുതത്.

39 റൺസ് എടുത്ത ടോം ലഥാമാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി യുഷ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ