തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത കിവീസ് 6 റണ്‍സ് അകലെ വീണു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയെ കളിയിലേയും പരമ്പരയിലേയും താരമായി തെരഞ്ഞെടുത്തു.

തുടക്കത്തിലേ വമ്പന്‍ അടിക്ക് ശ്രമം നടത്തിയ കിവീസിന് ഒരു റണ്‍സ് മാത്രം എടുത്ത മാര്‍ട്ടിന്‍ ഗുപ്തിലിനെ ആദ്യം നഷ്ടമായി. പിന്നാലെ 7 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും കൂടാരം കേറി. എട്ട് റണ്‍സെടുത്ത് നിന്ന കെയിന്‍ വില്ല്യംസണിനെ മികച്ചൊരു ത്രോയിലൂടെ ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞയച്ചു.

11 റണ്‍സെടുത്ത ഫിലിപ്സ് പിന്നാലെ മടങ്ങി. ഹെന്‍‍റി നിക്കോള്‍സ് രണ്ട് റണ്‍സ് മാത്രം എടുത്താണ് പുറത്തായത്. ഓവര്‍ ത്രോയില്‍ റണ്‍സെടുക്കാനുളള ശ്രമത്തിനിടെ നാല് റണ്‍സെടുത്ത ബ്രൂസ് റണ്‍ ഔട്ട് ആവുകയായിരുന്നു.

എട്ടോവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. ആറ് റണ്‍സോടെ ശിഖര്‍ ധവാനും 8 റണ്‍സോടെ രോഹിത് ശര്‍മ്മയും ആദ്യമേ പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്ലി 13 റണ്‍സെടുത്ത് കുടാരം കേറി. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും ആറാം ഓവറില്‍ ഉയര്‍ത്തിയടിച്ച് മടങ്ങി.

17 റണ്‍സെടുത്ത മനീഷ് പാണ്ഡേ അവസാന ഓവറില്‍ പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 9.30ഓടെ മാത്രമാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കിവീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലേ ഇന്ത്യ തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

മൂന്ന് മണിയോടെയാണ് സ്റ്റേഡിയത്തിനകത്തേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതെങ്കിലും മഴ ഭീഷണിയായി തുടരുകയായിരുന്നു. വൈകുന്നേരം ശക്തമായി മഴ പെയ്തിട്ടും വളരെ വേഗത്തിൽ തന്നെ മൈതാനത്തെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ സാധിച്ചു.

29 വർഷത്തെ ഇടവേളയ്‌ക്കു ശേഷം ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാന്‍ വന്‍ ജനബാഹുല്യമാണ് തിരുവനന്തപുരത്ത് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ