തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴഭീഷണി. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മഴ ഭീഷണി ശക്തമായി തുടരുന്നത്. ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
29 വർഷത്തെ ഇടവേളയ്‌ക്കു ശേഷം ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേൽക്കാൻ തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി. നാളെ രാത്രി ഏഴുമണിക്ക് കാര്യവട്ടം സ്‌പോർട്സ് ഹബിൽ തുടങ്ങുന്ന മത്സരത്തിനായി ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും ടീമുകൾ ഇന്നലെ രാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ നഗരത്തിലെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാലു മുതൽ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശിക്കാം. 45,000 ത്തോളം കാണികൾക്കാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ഓണ്‍ലൈനിലൂടെ മാത്രം 20,000 ത്തോളം ടിക്കറ്റുകളാണ് വിറ്റത്.
അതേസമയം, കേരള പൊലീസ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ എന്ന പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം 3ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.കൊഹ്ലിക്ക് പുറമെ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ, ദിനേഷ് കാർത്തിക് തുടങ്ങിയ താരങ്ങളും പങ്കെടുത്തു.