ഓസ്ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലൻഡിലും ഏകദിന പരമ്പര നേടിയിരിക്കുകയാണ് ഇന്ത്യൻ ടീം. അഞ്ചു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ മികവുറ്റ പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്.

വിരാട് കോഹ്‌ലിയുടെയും ഇന്ത്യൻ ടീമിന്റെയും പ്രകടനത്തെ പ്രശംസിച്ച് നിരവധി മുൻതാരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. നിലവിലെ ഇന്ത്യൻ ടീമിലെ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർ ലോകത്തിൽവച്ച് മികച്ച കളിക്കാരെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം.

”ഓസ്ട്രേലിയയിലേക്കാൾ മികച്ച പ്രകടനമാണ് ന്യൂസിലൻഡിലെ ഇന്ത്യൻ ടീമിന്റേത്. ന്യൂസിലൻഡിൽ ഇന്ത്യൻ ആധിപത്യമാണ് കാണാനായത്. ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസവും 50 ഓവറിനുള്ളിൽ ബോളർമാർ മുഴുവൻ വിക്കറ്റ് വീഴ്‌ത്തുന്നതും ടീമിനോടുള്ള മതിപ്പ് വർധിപ്പിക്കുന്നു. ഏകദിനത്തിൽ ഈ വർഷം ഇന്ത്യക്ക് മികച്ചതായിരിക്കും,” ഗാംഗുലി ഇന്ത്യൻ ടിവിയോട് പറഞ്ഞു.

ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തെയും ഗാംഗുലി പ്രശംസിച്ചു. ”കുൽദീപ് യാദവ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ മൊത്ത ടീമും മികച്ച പ്രകടനമാണ് നടത്തിയത്, പ്രത്യേകിച്ച് രോഹിത്തും കോഹ്‌ലിയും. മറ്റേതു ടീമുലും ഇതപോലെ ടോപ് ഓർഡർ കാണാനാവില്ല. ഏകദിന ക്രിക്കറ്റിൽ മറ്റേതു ടീമിനെക്കാളും മുന്നിലാണ് ഇന്ത്യ. വരാൻ പോകുന്ന ലോകകപ്പ് ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ചതായിരിക്കും,” ഗാംഗുലി അഭിപ്രായപ്പെട്ടു.

എത്ര വലിയ സ്കോറായാലും പിന്തുടർന്ന് മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നും സമ്മർദ്ദത്തെ മറികടക്കാനുള്ള കഴിവ് ഇന്ത്യൻ താരങ്ങൾക്കുണ്ടെന്നും ഗാംഗുലി പറഞ്ഞു. ”200-250 എന്ന സ്കോറിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ഒരു ടീമിനും കഴിയില്ല. വലിയ സ്കോറും മറികടക്കാൻ കഴിയുമെന്ന് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടത്തിൽ രോഹിതോ കോഹ്‌ലിയോ അതുമല്ലെങ്കിൽ ധോണിയോ സിക്സിലൂടെ മറുപടി കൊടുക്കും. സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് അറിയാം,” ഗാംഗുലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ