ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിന് നാളെ ക്രൈസ്റ്റ് ചർച്ചിൽ തുടക്കമാകും. ടി20 പരമ്പരയിൽ നേടിയ ആധികാരിക ജയത്തിന് ശേഷം ഏകദിന പരമ്പരയിൽ തകർന്നടിഞ്ഞ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിലും കിവികളോട് പത്ത് വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു. പര്യടനത്തിലെ അവസാന മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം അഭിമാന വിഷയമാണ്.
താളം കണ്ടെത്താൻ സാധിക്കാതെ പോയ ബാറ്റിങ് നിരയാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ തകർച്ചയ്ക്ക് മൂലകാരണായത്. നായകൻ വിരാട് കോഹ്‌ലി ഉൾപ്പടെ പേരുകേട്ട ബാറ്റിങ് നിര വെല്ലിങ്ടണ്ണിൽ തകർന്നടിഞ്ഞപ്പോൾ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ന്യൂസിലൻഡിന് വെല്ലുവിളിയാകാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
ക്രൈസ്റ്റ് ചർച്ചിലേക്ക് എത്തുമ്പോൾ ടീമിൽ നിർണായക മാറ്റങ്ങൾക്ക് നായകൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ മാനേജ്മെന്റും ഒരുങ്ങുമെന്നാണ് സൂചന. പരുക്ക് തന്നെയാണ് ഇന്ത്യയെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ഓപ്പണർ പൃഥ്വി ഷാ, പേസർ ഇഷാന്ത് ശർമ എന്നിവർ പരുക്കിന് പിടിയിലാണ്.
പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെയാണ് പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഗിൽ പരിശീലനം നടത്തിയിരുന്നു. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഷായ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം ഇന്നിങ്‌സില്‍ 16 റണ്‍സെടുത്ത അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സിന് പുറത്തായി.
പരുക്കേറ്റ ഇഷാന്ത് ശർമ പുറത്തേക്ക് പോവുകയാണെങ്കിൽ ഉമേഷ് യാദവിനെ പ്ലെയിങ് ഇലവനിൽ എത്തിയേക്കും. പേസിന് അനുകൂലമായ പിച്ചാണ് ക്രൈസ്റ്റ് ചർച്ചിലും ഒരുക്കിയിരിക്കുന്നത്. അശ്വിന് പകരം ജഡേജയെ ടീമിലുൾപ്പെടുത്താനും സാധ്യതയുണ്ട്. വാലറ്റത്ത് മികവ് പുലർത്താൻ ജഡേജയ്ക്ക് സാധിക്കും.