ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനവുമായി ആതിഥേയർ.ഇന്ത്യയെ 242 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്താക്കി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 63 റൺസെന്ന നിലയിലാണ്. 29 റൺസെടുത്ത ടോം ബ്ലെൻഡലും 27 റൺസുമായി ടോം ലഥാമുമാണ് ക്രീസിൽ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 242 റൺസിന് പുറത്തായി. ഓപ്പണർ പൃഥ്വി ഷായുടെയും ചേതേശ്വർ പൂജാരയുടെയും ഹനുമ വിഹാരിയുടടെയും അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ വൻതകർച്ചയിൽ നിന്ന് കരകയറ്റിയത്. ടീമിൽ രണ്ട് മാറ്റവുമായാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ ഇഷാന്ത് ശർമയ്ക്ക് പകരം ഉമേഷ് യാദവും ആർ.അശ്വിന് പകരം രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ടീം സ്കോർ 30ൽ എത്തിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായി. എന്നാൽ ആദ്യ മത്സരത്തിൽ റൺസ് കണ്ടെത്താൻ പരാജയപ്പെട്ട പൃഥ്വി ഷാ ക്രൈസ്റ്റ്ചർച്ചിലെ ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചു. 64 പന്തിൽ 54 റൺസ് നേടിയ ശേഷമാണ് താരം പുറത്തായത്. മൂന്നമനായി ഇറങ്ങിയ ചേതേശ്വർ പൂജാരയും മികച്ച പ്രകടനവുമായി ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ നായകൻ വിരാട് കോഹ്‌ലിയും (3) ഉപനായകൻ അജിങ്ക്യ രഹാനെയും(7) രണ്ടക്കം കാണാതെ പുറത്തായി.
140 പന്തുകൾ നേരിട്ട ചേതേശ്വർ പൂജാര 54 റൺസ് നേടിയാണ് കൂടാരം കയറിയത്. മധ്യനിരയിൽ ഹനുമ വിഹാരിയുടെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 70 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു വിഹാരിയുടെ സമ്പാദ്യം. വാലറ്റത്ത് റൺസ് കണ്ടെത്താൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ ജഡേജയ്ക്കും കാര്യമായി ഒന്നും സാധിക്കാതെ വന്നതോടെ അവസാന 35 റൺസെടുക്കുന്നതിനിടയിൽ നാല് വിക്കറ്റുകളും വീണു. ഇന്ത്യ 242 റൺസിന് പുറത്ത്.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യൻ തകർച്ചയിൽ നിർണായക പങ്കുവഹിച്ചു.