ബാറ്റിങ്ങിൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ അവസാന ടി 20 മത്സരത്തിൽ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ സഞ്ജു വെറും 2 റൺസെടുത്ത് പുറത്തായി. സ്കോട്ടിന്റെ ബോളിൽ മിച്ചൽ സാറ്റ്നറുടെ ക്യാച്ചിലൂടെയാണ് സഞ്ജു കളം വിട്ടത്.

ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ഫീൽഡിങ്ങിൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. എട്ടാം ഓവറിലായിരുന്നു ഏവരെയും അതിശയപ്പെടുത്തിയ സഞ്ജുവിന്റെ പ്രകടനം. ന്യൂസിലൻഡ് സിക്സറെന്നു കരുതിയ ബോൾ സഞ്ജു ബൗണ്ടറി ലൈൻ ചാടിക്കടന്ന് കൈപ്പിടിയിൽ ഒതുക്കി ഫീൽഡിലേക്ക് എറിയുകയായിരുന്നു.

Read Also: ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ടി 20 യിൽ ജയം 7 റൺസിന്

റോസ് ടെയ്‌ലർ ഉയർത്തിയ ബോൾ സിക്സറെന്നു കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സഞ്ജു തടഞ്ഞത്. ബൗണ്ടറി ലൈനില്‍ നിന്ന് ചാടി പന്ത് കൈക്കലാക്കിയ സഞ്ജു ബൗണ്ടറി ലൈനിനു അകത്തേക്ക് എറിഞ്ഞത്. ഇതോടെ കിവികൾക്ക് വെറും 2 റൺസാണ് നേടാനായത്.

ന്യൂസിലന്‍ഡ് താരം ടോം ബ്രൂസിനെ റണ്‍‌ഔട്ടാക്കുന്നതിലും സഞ്ജു നിർണായക പങ്കു വഹിച്ചു. സഞ്ജുവിന്റെ ത്രോ വിക്കറ്റ് കീപ്പർ രാഹുൽ കൈപ്പിടിയിലൊതുക്കി റൺഔട്ടാക്കുകയായിരുന്നു. ഇതിനു പുറമേ മത്സരത്തിൽ സെയ്ഫർട്ടിനെ ക്യാച്ചിലൂടെ സഞ്ജു പുറത്താക്കുകയും ചെയ്തു.

Read Also: സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്, രാഹുലാണ് എന്നെ നിർദേശിച്ചത്: വിരാട് കോഹ്‌ലി

പരമ്പരയിൽ രണ്ടു മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ന്യൂസിലൻഡിനെതിരായ ആദ്യ ടി20 യിൽ സഞ്ജു കളിച്ചെങ്കിലും 5 ബോളിൽനിന്നും 8 റൺസെടുത്ത് പുറത്താവുകയായിരുന്നു.

അതേസമയം, ന്യൂസിലൻഡിനെതിരായ ടി 20 പരമ്പര ഇന്ത്യ തൂത്തുവാരി. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചും ജയിച്ചാണ് ഇന്ത്യ ആധികാരിക ജയം നേടിയത്. അവസാന മത്സരത്തിൽ ഏഴു റൺസിനായിരുന്നു ഇന്ത്യൻ ജയം. ന്യൂസിലൻഡിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. 164 റൺസ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിങ്സ് 156 ന് അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook