ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കുക രോഹിത് ശർമ്മയായിരിക്കും. പരമ്പരയിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഉപനായകൻ രോഹിത് ശർമ്മ നായക സ്ഥാനത്തേക്ക് എത്തിയത്. നാലാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് കോഹ്‌ലിയുടെ പകരക്കാരനെയാണ്.

കോഹ്‌ലിക്ക് പകരക്കാരനായി സാധ്യതയേറെയുള്ളത് ശുഭ്മാൻ ഗില്ലിനാണ്. മൂന്നാം മത്സരത്തിനുശേഷം കോഹ്‌ലി നടത്തിയ വാർത്താസമ്മേളനത്തിൽ 19 കാരനായ ഗില്ലിനെ പ്രശംസിച്ചതാണ് താരത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്. ”അവന്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. അവന്റെ പ്രായത്തില്‍ ഞാന്‍ ഇതിന്റെ ഏഴ് അയലത്ത് പോലും എത്തിയിരുന്നില്ലല്ലോ എന്നാണ് ഓര്‍ത്തത്” ഇതായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍. ഇതോടെയാണ് നാലാം ഏകദിനത്തില്‍ യുവതാരത്തിന് അരങ്ങേറ്റത്തിനുള്ള കളമൊരുങ്ങുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. ശുഭ്മാൻ ടീമിൽ ഉൾപ്പെട്ടാൽ കോഹ്‌ലിയുടെ മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യുക.

Read: ‘ഈ പ്രായത്തില്‍ അവന്റെ ഏഴയലത്തു പോലും ഞാനെത്തിയിരുന്നില്ല’; ഭാവി താരത്തെ ചൂണ്ടിക്കാണിച്ച് കോഹ്‌ലി

മൂന്നാം ഏകദിനത്തിൽ പരുക്കു മൂലം വിട്ടുനിന്ന എം.എസ്.ധോണി നാലാം ഏകദിനത്തിൽ മടങ്ങി വന്നേക്കും. അങ്ങനെയെങ്കിൽ ടീമിൽനിന്നും പുറത്താകുന്നത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. മൂന്നാം ഏകദിനത്തിൽ ധോണിക്ക് പകരം വിക്കറ്റ് കീപ്പറായത് ദിനേശ് കാർത്തിക്കായിരുന്നു. നാലാം ഏകദിനത്തിൽ ദിനേശ് കാർത്തിക്, അമ്പാട്ടി റായിഡു, കേദാർ ജാദവ് ഇവരിൽ ആരെങ്കിലും ആകും പുറത്തുപോവുക. മൂന്നുപേരും മികച്ച ഫോമിലായതിനാൽ പുറത്തേക്കുള്ള നറുക്ക് ആർക്കു വീഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Read: ധോണിക്കും കോഹ്‍ലിക്കും കഴിയാതെ പോയ നേട്ടം രോഹിത്തിന് മുന്നിൽ

മറ്റൊരു അഴിച്ചു പണി ബോളിങ് നിരയിലായിരിക്കും. മുഹമ്മദ് ഷമിക്ക് പകരം ഖലീൽ അഹമ്മദിനെ നാലാം മത്സരത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഷമിക്ക് വിശ്രമം അനുവദിച്ച് ഭുവനേശ്വർ കുമാറിനെയും ഖലീൽ അഹമ്മദിനെയും ടീമിൽ ഉൾപ്പെടുത്തിയേക്കും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തും. കുൽദീപ് യാദവിനോ യുസ്‌വേന്ദ്ര ചാഹലിനോ വിശ്രമം അനുവദിച്ച് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

നാലാം ഏകദിനത്തിനുള്ള ഇന്ത്യൻ സാധ്യത ടീം: ശിഖർ ധവാൻ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, അമ്പാട്ടി റായിഡു, എം.എസ്.ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook