ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനൊടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. പരമ്പര നേട്ടത്തിന് പിന്നാലെ നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമവും അനുവദിച്ചിട്ടുണ്ട്. കോഹ്‍ലിയുടെ അഭാവത്തിൽ ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. ഒരുപിടി റെക്കോർഡുകളും ന്യൂസിലൻഡിൽ രോഹിത്തിനെ കാത്തിരിപ്പുണ്ട്.

Also Read: പരമ്പര നേട്ടത്തിന് പിന്നാലെ കോഹ്‍ലിക്ക് വിശ്രമകാലം; രോഹിത് ഇന്ത്യയെ നയിക്കും

ന്യൂസിലൻഡിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നേട്ടമാണ് രോഹിത്തിന് മുന്നിലുള്ളത്. പരമ്പരയുടെ തുടക്കത്തിൽ കോഹ്‍ലി ആ നേട്ടത്തിലെത്തുമെന്ന് കരുതിയെങ്കിലും മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും സെഞ്ചുറി തികയ്ക്കാൻ കോഹ്‍ലിക്കായിരുന്നില്ല. ഇതോടെയാണ് ചരിത്രം കുറിയ്ക്കാനുള്ള അവസരം രോഹിത്തിലേക്ക് എത്തിയിരിക്കുന്നത്.

Also Read: കോഹ്‌ലിയുടെ മൂന്നാം നമ്പർ ആർക്ക്? മൂന്നു മാറ്റങ്ങൾക്കൊരുങ്ങി രോഹിത് ശർമ്മ

ഇനിയുള്ള രണ്ട് മത്സരങ്ങളിൽ സെഞ്ചുറി കണ്ടെത്താനായാൽ രോഹിത് ന്യൂസിലൻഡിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ നായകനാകും. ന്യൂസിലൻഡിലെ ഒരു ഇന്ത്യൻ നായകന്റെ ഏറ്റവും ഉയർന്ന സ്കോർ എം.എസ്.ധോണിയുടെ പേരിലാണ്. സിംബാബ്‌വെയ്ക്കെതിരെ 2015ൽ പുറത്താകാതെ നേടിയ 85 റൺസാണ് ഇത്.

Also Read: സമ്മർദ്ദത്തിലാക്കിയാൽ സിക്‌സിലൂടെ മറുപടി കൊടുക്കും; ഇന്ത്യൻ താരങ്ങളെക്കുറിച്ച് ഗാംഗുലി

തന്റെ 200-ാം മത്സരത്തിനാണ് നാലാം ഏകദിനത്തിൽ രോഹിത് ഇറങ്ങുക. ഈ നേട്ടത്തിലെത്തുന്ന 14-ാമത്തെ താരമാകും രോഹിത്. 199 ഏകദിനങ്ങളില്‍ 48.14 ശരാശരിയില്‍ 7799 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് ഇരട്ട സെഞ്ചുറികളും 22 സെഞ്ചുറികളും 39 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോർഡിൽ ധോണിക്കൊപ്പമെത്തിയ രോഹിത്തിന്, റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതാനുള്ള അവസരവും അടുത്ത മത്സരത്തിൽ ലഭിക്കും. 215 സിക്സറുകളാണ് ധോണിയും രോഹിത്തും ഇന്ത്യൻ ഏകദിന കുപ്പായത്തിൽ പായിച്ചത്.

ജനുവരി 31നാണ് ന്യൂസിലൻഡ് പര്യടനത്തിലെ നാലാം ഏകദിനം. ഫെബ്രുവരി മൂന്നിന് നടക്കുന്ന അഞ്ചാം മത്സരത്തോടെ ഏകദിന പരമ്പരയ്ക്ക് അവസാനമാകും. ഫെബ്രുവരി 6, 8, 10 തീയതികളിലാണ് ടി20 പരമ്പര. ടി20 മത്സരത്തിലും ഇന്ത്യയെ നയിക്കുക രോഹിത്തായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook