ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം ടി ട്വന്റി മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. നാളെ വെല്ലിങ്ടണിൽ വച്ചാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി ട്വന്റി മത്സരം.

ടി ട്വന്റിയിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ന്യൂസിലൻഡിൽ ടി ട്വന്റി മത്സരങ്ങൾക്കായി ഇറങ്ങുന്ന രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് മൂന്നു റെക്കോർഡുകളാണ്. ട്വന്റി ട്വന്റിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുന്നിലെത്താൻ രോഹിത്തിന് ഇനി വെറും 36 റൺസ് മതി.

നിലവിൽ 2,237 റൺസുമായി മൂന്നാ സ്ഥാനത്താണ് രോഹിത്. 2,272 റൺസുമായി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 2,245 റൺസുമായി പാക്കിസ്ഥാൻ താരം ഷൊയ്ബ് മാലിക്കാണ്. ഈ പരമ്പരയിൽ പരുക്ക് കാരണം ന്യൂസിലൻഡ് ടീമിൽനിന്നും വിട്ടുനിൽക്കുകയാണ് മാർട്ടിൻ ഗുപ്റ്റിൽ. അതിനാൽ തന്നെ രോഹിത് ശർമ്മയ്ക്ക് മുന്നിലുള്ളത് മികച്ച അവസരമാണ്.

അതുപോലെ ടി ട്വന്റിയിൽ 100 സിക്സ് എന്ന നേട്ടം രോഹിത്തിന് കൈവരിക്കാൻ വെറും രണ്ടെണ്ണം കൂടി മതി. നിലവിൽ 98 സിക്സുമായി മൂന്നാം സ്ഥാനത്താണ് രോഹിത്. 103 സിക്സുമായി വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലും ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഈ ടി ട്വന്റി പരമ്പരയിൽ രോഹിത് രണ്ടു സിക്സ് കൂടി പറത്തിയാൽ രോഹിത്തും ഇവർക്കൊപ്പമെത്തും.

രോഹിത്തിനെ കാത്ത് മറ്റൊരു റെക്കോർഡും കൂടി ന്യൂസിലൻഡിലിരുപ്പുണ്ട്. ഏകദിന പരമ്പരയിൽ നായകൻ വിരാട് ‌കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് പരമ്പരയിലെ ബാക്കി രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ രോഹിത് നയിച്ചത്. ടി ട്വന്റി പരമ്പരയിലും രോഹിത് ആണ് ഇന്ത്യൻ നായകൻ. ടി ട്വന്റി പരമ്പര കൂടി നേടിയാൽ ന്യൂസിലൻഡിൽ ഏകദിന, ടി ട്വന്റി പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് രോഹിത്തിന് സ്വന്തമാകും.

മൂന്നു ടി ട്വന്റി മത്സരങ്ങളാണ് ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലുളളത്. നാളെ വെല്ലിങ്ടണിലാണ് ആദ്യ മത്സരം. 8-ാം തീയതി ഓക്‌ലൻഡിൽ മൂന്നാം മത്സരവും 10-ാം തീയതി ഹാമിൽട്ടണിൽ മൂന്നാം മത്സരവും നടക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ