മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആശിഷ് നെഹ്റ വിടവാങ്ങൽ മത്സരം കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സെലക്ടർമാർ. ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തോടെ വിരമിക്കുമെന്നാണ് ആശിഷ് നെഹ്റ പ്രഖ്യാപിച്ചത്. എന്നാൽ ആശിഷ് നെഹ്റയെ 11 അംഗ ടീമിൽ ഉൾപ്പെടുത്തുമോ എന്ന് ഉറപ്പ് പറയാനാകില്ലെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞു.

അന്തിമ ഇലവനെ തീരുമാനിക്കുന്നത് തങ്ങൾ അല്ല, പരിശീലകന്റേയും നായകന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് അന്തിമ ഇലവനെ തീരുമാനിക്കുന്നതെന്നും എം.എസ്.കെ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കളിപ്പിക്കുമോ എന്ന കാര്യത്തിൽ ആശിഷ് നെഹ്റയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നും സാഹചര്യത്തെപ്പറ്റി താരത്തെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും മുഖ്യ സെലക്ടർ പറഞ്ഞു.

മികച്ച​ ഫോമിൽ കളിക്കുന്ന ഫാസ്റ്റ് ബൗളർമാരാണ് നമുക്ക് ഉള്ളത്, ഭുവനേശ്വർ കുമാറും ജസ്പ്രീത് ബൂംറയും ട്വന്റി-20യിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാൽത്തന്നെ ഇവരെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും എം.എസ്.കെ പ്രസാദ് പ്രതികരിച്ചു. നവംമ്പർ 1 ന് ഡൽഹി ഫിറോഷാ കോട്‌ല സ്റ്റേഡിയത്തിൽവെച്ചാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരം നടക്കുന്നത്.

38 വയസ്സുകാരനായ ആശിഷ് നെഹ്റ 1999ലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നെഹ്റ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ