ഓസീസ് പര്യടനത്തിൽ മികച്ച ഫോമിലൂടെ വിമർശകരുടെ വായടപ്പിച്ചിരുന്നു എം.എസ്.ധോണി. മൂന്നു ഏകദിനങ്ങളിലും അർധ സെഞ്ചുറി നേടി ധോണി മാൻ ഓഫ് ദി സീരീസും ആയി. രണ്ടു മത്സരങ്ങളിൽ ധോണിയുടെ പ്രകടനം ഇന്ത്യൻ ജയത്തിനും പരമ്പര നേട്ടത്തിനും നിർണായകവുമായി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2019 ന്റെ തുടക്കത്തിൽ ധോണി മികച്ച ഫോം ആണ് പുറത്തെടുത്തത്. 2018 ൽ 20 ഇന്നിങ്സുകളിൽനിന്നായി 275 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. ധോണിയുടെ കരിയറിലെ ഏറ്റവും മോശം ആവറേജും സ്ട്രൈക്ക് റേറ്റുമാണിത്. പക്ഷേ 2019 ൽ ധോണി കരിയറിലെ തന്നെ മികച്ച ഫോമിലാണെന്ന് പറയേണ്ടി വരും.

Read: ഓസീസിനെ തളർത്തിയത് ധോണിയുടെ കുശാഗ്ര ബുദ്ധി; ജയിക്കാൻ 47-ാം ഓവറിൽ കരുനീക്കം

ന്യൂസിലൻഡ് പര്യടനത്തിനായി എത്തിയ ധോണിയെ അവിടെ കാത്തിരിക്കുന്നത് മറ്റൊരു പൊൻതൂവലാണ്. അഞ്ചു ഏകദിന മത്സരങ്ങളാണ് ന്യൂസിലൻഡിൽ ഇന്ത്യൻ ടീം കളിക്കുക. ന്യൂസിലൻഡിൽ കളിച്ച ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ധോണി മൂന്നാം സ്ഥാനത്താണ്. സച്ചിൻ ടെൻഡുൽക്കർ (18 മാച്ചിൽനിന്നും 652 റൺസ്), വിരേന്ദർ സെവാഗ് ( 12 മാച്ചിൽനിന്നും 598 റൺസ്) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്. പട്ടികയിൽ സച്ചിനെ മറികടന്ന് ധോണിക്ക് ഒന്നമതാകാൻ ഇനി വേണ്ടത് 197 റൺസാണ്. നിലവിലെ ഫോം തുടർന്നാൽ അഞ്ചു ഏകദിന മത്സരങ്ങളിൽനിന്നും ധോണി ഈ നേട്ടം കൈവരിക്കുമെന്നുറപ്പാണ്.

ജനുവരി 23 ന് നാപ്പിയറിലാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം. ജനുവരി 26 നാണ് രണ്ടാം മത്സരം. ജനുവരി 28 ന് മൂന്നാമത്തെയും ജനുവരി 31 നാലാമത്തെയും ഫെബ്രുവരി മൂന്നിന് അഞ്ചാമത്തെയും മത്സരം നടക്കും. ടിട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ആറിന് നടക്കും. ഫെബ്രുവരി എട്ടിന് രണ്ടാമത്തെയും ഫെബ്രുവരി 10 ന് മൂന്നാമത്തെയും നടക്കും.

ഇന്ത്യൻ ടീം (ഏകദിനം)

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്.ധോണി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, കെ.ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി, വിജയ് ശങ്കർ, ശുഭ്മാൻ ഗിൽ

ഇന്ത്യൻ ടീം (ടിട്വന്റി)

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്.ധോണി, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, കെ.ഖലീൽ അഹമ്മദ്, ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook